ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവ്: വ്യാപാരക്കമ്മി കുറഞ്ഞു

0
270

ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഓഗസ്റ്റിൽ 7% ഇടിഞ്ഞ് 34.5 ബില്യൺ ഡോളറിലെത്തി. തുടർച്ചയായ ഏഴാം മാസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. ഇറക്കുമതിയും 5% കുറഞ്ഞ് 58.6 ബില്യൺ ഡോളറായി. ഇതോടെ വ്യാപാരക്കമ്മി ഓഗസ്റ്റിൽ 24.1 ബില്യൺ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ മാസം ഇത് 2486 കോടി ഡോളറായിരുന്നു. ചരക്ക് വ്യാപാര കമ്മി 2.8% കുറഞ്ഞതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ അറിയിച്ചു.

രാജ്യത്തെ ചരക്ക് കയറ്റുമതി 3448 കോടി ഡോളറും ഇറക്കുമതി 5864 കോടി ഡോളറുമാണ്. ജൂലൈയില്‍ ചരക്ക് കയറ്റുമതി 3225 കോടി ഡോളറും ഇറക്കുമതി 5292 കോടി ഡോളറുമായിരുന്നു. കയറ്റുമതി മുന്‍ വര്‍ഷം ഓഗസ്റ്റില്‍ 3702 കോടി ഡോളറായിരുന്നു. ഓഗസ്റ്റില്‍ ജെംസ് ആന്‍ഡ് ജുവലറിയുടെ കയറ്റുമതിയില്‍ 440 കോടി ഡോളറിന്റെ ഇടിവുണ്ടായി. വികസിത സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യമാണ് ഈ ഇടിവിന് കാരണമെന്ന് മന്ത്രാലയം അറിയിച്ചു.

ഓഗസ്റ്റില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 40% ഉയര്‍ന്നു. എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിയില്‍ 7.73% വളര്‍ച്ചയുണ്ടായി. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 26.29% വർദ്ധിച്ചു. സെറാമിക് വസ്തുക്കള്‍, മരുന്നുകള്‍, ഫാര്‍മ, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി മെച്ചപ്പെട്ടുവെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം പെട്രോളിയം, സമുദ്രോല്‍പന്നങ്ങള്‍, അജൈവ രാസവസ്തുക്കള്‍, പെയിന്റ്, വാര്‍ണിഷ്, തേയില, ഫിനിഷ്ഡ് ലെതര്‍, കശുവണ്ടി തുടങ്ങിയവയുടെ വില കുറഞ്ഞു. കുറഞ്ഞ പെട്രോളിയം വില മൊത്തത്തിലുള്ള കയറ്റുമതി ഇടിവിനെ ബാധിക്കുന്നുണ്ട്. പെട്രോളിയം ഇറക്കുമതിയും കുറഞ്ഞു. ആഗോള ഡിമാന്‍ഡ് കുറയുന്ന ആശങ്കകള്‍ക്കിടയിലും 2023ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ വിദേശ വ്യാപാരം 80,000 ബില്യണ്‍ ഡോളര്‍ കടന്നു.