വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവ് കുറഞ്ഞതോടെ പഞ്ചസാര കയറ്റുമതി നിരോധിക്കാനൊരുങ്ങി രാജ്യം. ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത സീസൺ മുതൽ പഞ്ചസാര കയറ്റുമതി നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലും കർണാടകയിലും മൺസൂൺ മഴ ശരാശരിയേക്കാൾ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്പ് ഉത്പ്പാദിപ്പിക്കുന്ന പ്രദേശങ്ങളെ ബാധിക്കുന്ന മഴയുടെ അഭാവത്തെ തുടർന്നാണ് ഈ നീക്കം.
ഏഴ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഒരുങ്ങുന്നത്. ഈ നീക്കം ആഗോള ബെഞ്ച്മാർക്ക് വില വർദ്ധിപ്പിക്കുകയും ആഗോള ഭക്ഷ്യ വിപണിയിൽ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും.
ബസുമതി ഇതര വെള്ള അരിക്ക് അടുത്തിടെ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം, ഉള്ളി കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയ നടപടി എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭക്ഷ്യവില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.