പ്രവർത്തനം നിയമങ്ങൾ പാലിക്കാതെ:ബിനാന്‍സ് ഉൾപ്പെടെ 9 ക്രിപ്‌റ്റോകമ്പനികളുടെ വെബ്‌സൈറ്റ് പൂട്ടാന്‍ കേന്ദ്രം

0
397

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസ് ഉൾപ്പെടെ ക്രിപ്റ്റോ കൈകാര്യം ചെയ്യുന്ന ഒമ്പത് ഓഫ്ഷോർ വെർച്വൽ ഡിജിറ്റൽ അസറ്റ് (വി.ഡി.എ) സേവന ദാതാക്കൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. ബിനാൻസിനൊപ്പം കുക്കോയിൻ, ഹുവോബി, ക്രാകെൻ, ഗേറ്റ്.ഐ.ഒ, ബിറ്റ്‌റെക്സ്, ബിറ്റ്സ്റ്റാമ്പ്, എം.ഇ.എക്‌സ്.സി ഗ്ലോബൽ, ബിറ്റ്ഫിനെക്‌സ്‌ എന്നീ ക്രിപ്റ്റോ കമ്പനികളാണ് ധനമന്ത്രാലയത്തിന്റെ പട്ടികയിലുളളത്.

പണം തിരിമറി തടയൽ നിയമ (PMLA) വ്യവസ്ഥകൾ പാലിക്കാതെ നിയമവിരുദ്ധമായാണ് ഈ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതെന്നും അതിനാൽ ഈ കമ്പനികളുടെ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്നും ധനമന്ത്രാലയം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോട് (Meity) അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഈ സ്ഥാപനങ്ങളുടെ യു.ആർ.എല്ലുകൾ (URL) ബ്ലോക്ക് ചെയ്യുന്നതിന് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യയുടെ (FIU IND) ഡയറക്ടർ ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചു.