ചെറുകിട വായ്പകളുടെ ലഭ്യത കുറയും:വലിയ വായ്പകൾ കൂട്ടാൻ ഫിന്‍ടെക് കമ്പനികള്‍

0
126

വലിയ വായ്പകളില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫിന്‍ടെക് കമ്പനികള്‍. ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകള്‍ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടപടികള്‍ ആരംഭിച്ചതോടെയാണ് ഈ നീക്കം. ഇതോടെ 50,000 രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ അനുവദിക്കുന്നതില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേ സമയം ചെറുകിട വായ്പകള്‍ പൂര്‍ണമായി നിര്‍ത്തില്ലെന്നും അനുവദിക്കുന്ന വായ്പകളുടെ എണ്ണത്തില്‍ കുറവ് വരുത്തുക മാത്രമായിരിക്കും ചെയ്യുകയെന്നും കമ്പനികള്‍ വ്യക്തമാക്കി.

പല ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളും അവരുടെ ഫിൻടെക് പങ്കാളികളോട് ചെറിയ വ്യക്തിഗത വായ്പകൾ നൽകുന്നത് കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം വലിയ വായ്പകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തരം കമ്പനികള്‍ ബാങ്കുകളിൽ നിന്നും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളിൽ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ട്.

അതേ സമയം ചെറുകിട വായ്പകൾ അനുവദിക്കുന്നത് കുറയ്ക്കുന്നത് ഫിന്‍ടെക് സ്ഥാപനങ്ങളുടെ വളർച്ചയിൽ കാര്യമായ ഇടിവുണ്ടാകുന്നതിന് കാരണമാകും. അടുത്തിടെയാണ് ചെറുകിട വായ്പകളുടെ റിസ്ക് വെയ്റ്റ് 100 ശതമാനത്തിൽ നിന്ന് 125 ആയി ആർബിഐ വർദ്ധിപ്പിച്ചത്. സുരക്ഷിതമല്ലാത്ത റീട്ടെയിൽ വായ്പകളുടെ പെട്ടെന്നുള്ള വളർച്ചയെ തുടർന്നായിരുന്നു ആർബിഐയുടെ നടപടി. പുതിയ റിസ്ക് വെയ്റ്റ് വ്യക്തിഗത വായ്പകൾക്കും എൻ‌ബി‌എഫ്‌സികൾക്കുള്ള റീട്ടെയിൽ ലോണുകൾക്കും ബാധകമാകും. അതേസമയം ഭവന, വിദ്യാഭ്യാസം, വാഹനം, സ്വർണ്ണം, എന്നീ വായ്പകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.