അഞ്ച് പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം

0
685

അഞ്ച് പൊതുമേഖലാ ബാങ്കുകളിലെ (പി.എസ്.ബി) ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ. സെബിയുടെ മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് (എം.പി.എസ്) മാനദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഒ.ബി, യുകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലെ സർക്കാർ ഓഹരി 75 ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ പദ്ധതിയിടുന്നത്.

2023 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം 12 പൊതുമേഖലാ ബാങ്കുകളിൽ നാലെണ്ണം എം.പി.എസ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. നിലവിൽ തീരുമാനിച്ച അഞ്ച് പൊതുമേഖലാ ബാങ്കുകൾക്ക് പിന്നാലെ ശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളിലെയും ഓഹരി പങ്കാളിത്തം സർക്കാർ വെട്ടിക്കുറയ്ക്കും.

ഡൽഹി ആസ്ഥാനമായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ നിലവിൽ സർക്കാരിന് 98.25 ശതമാനം ഓഹരികളാണുള്ളത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 96.38 ശതമാനവും, യുകോ ബാങ്കിൽ 95.39 ശതമാനവും, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 93.08 ശതമാനവും, ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 86.46 ശതമാനവുമാണ് സർക്കാരിന്റെ ഓഹരി പങ്കാളിത്തം. സെബിയുടെ മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങൾ പ്രകാരം എല്ലാ കമ്പനികളുടെയും 25 ശതമാനം ഓഹരികൾ പൊതു ഓഹരിയുടമകൾക്കായിരിക്കണം.