ലോകത്തിലെ ആദ്യത്തെ ഭാരത് സ്റ്റേജ് 6 (ബിഎസ് 6) കംപ്ലയന്റ് ഹൈബ്രിഡ്, എഥനോൾ പവർഡ് ഇന്നോവ പുറത്തിറക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പൂര്‍ണ്ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറാണിത്. അന്തരീക്ഷ സൗഹൃദ ഇന്ധനമായ എഥനോളില്‍ ഓടുന്ന ടൊയോട്ട ഇന്നോവ എം.പി.വി, ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള മോഡലാണ്.
കരിമ്പ്, ചോളം, ബാര്‍ലി തുടങ്ങിയ കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു പുനരുപയോഗ ഇന്ധനമാണ് എഥനോൾ. ഗോതമ്പ്, മരച്ചീനി തുടങ്ങിയ സസ്യ വസ്തുക്കളിൽ നിന്നും എഥനോൾ നിർമ്മിക്കാം. പെട്രോള്‍, ഡീസല്‍ എന്നിവയെ അപേക്ഷിച്ച് വായുമലിനീകരണം കുറവുള്ള, ചെലവ് കുറഞ്ഞ ഇന്ധനമാണ് എഥനോൾ. ആഭ്യന്തരമായി ഉത്പ്പാദിപ്പിക്കുന്ന എഥനോൾ, എണ്ണ ഇറക്കുമതി കുറയ്ക്കാൻ രാജ്യത്തെ സഹായിക്കും.
ഒന്നില്‍ കൂടുതല്‍ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനാണ് ഫ്ലെക്സ് എഞ്ചിനുകള്‍. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ മിശ്രിതമുള്ള പെട്രോളില്‍ ഓടാന്‍ കഴിയുന്ന കാറുകള്‍ക്കുള്ളതാണ് ഫ്ലെക്സ്-ഫ്യുവല്‍ എഞ്ചിൻ.
എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ 2025 ഓടെ 20 ശതമാനം എഥനോൾ മിശ്രിതമുള്ള ഗ്യാസോലിൻ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.