വിതരണക്കാർക്കുള്ള മാർജിൻ കുറച്ചു:ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ തീരുമാനം

0
695

മുൻനിര ഉപഭോക്ത്യ ഉത്പന്ന നിർമ്മാതാവായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ബഹിഷ്‌കരിക്കാൻ ഒരുങ്ങി വിതരണക്കാർ. നിശ്ചിത മാർജിനിൽ 0.6 ശതമാനം കുറവ് വരുത്തിയ തീരുമാനമാണ് ബഹിഷ്‌കരണ നടപടികളിലേക്ക് നയിക്കുന്നത്. ഇതിന്റെ തുടക്കമായി ഹിന്ദുസ്ഥാൻ യൂണിലിവർ ബ്രാൻഡായ താജ് മഹൽ തേയില വ്യാഴാഴ്‌ച മുതൽ മഹാരാഷ്ട്രയിൽ ബഹിഷ്‌കരിച്ചതായി മഹാരാഷ്ട്ര കൺസ്യൂമർ പ്രോഡക്ടസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.

നിലവിൽ വിതരണക്കാർക്ക് നൽകുന്ന 4.5 ശതമാനം നിശ്ചിത മാർജിനിൽ നിന്നാണ് 0.6 ശതമാനം കുറച്ചത്. കമ്പനി നൽകുന്ന വിൽപ്പന ലക്ഷ്യം കൈവരിക്കുന്നവർക്ക് ഒന്ന് മുതൽ 1.3 ശതമാനം വേരിയബിൾ മാർജിൻ നൽകുമെന്നാണ് കമ്പനി വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ മാർജിനിൽ കച്ചവടം ലാഭകരമല്ലെന്നും കുറഞ്ഞത് 5 ശതമാനം നിശ്ചിത മാർജിൻ നൽകണമെന്നുമാണ് വിതരണക്കാരുടെ ആവശ്യം.

എല്ലാ സംസ്ഥാനങ്ങളിലെയും വിതരണക്കാരുടെ സംഘടനകൾ കേന്ദ്ര സംഘടനയായ ഓൾ ഇന്ത്യ കൺസ്യൂമർ പ്രോഡക്ടസ് ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. രാജ്യത്ത് മൊത്തം 4 ലക്ഷം വിതരണക്കാരെയാണ് കേന്ദ്ര സംഘടന പ്രതിനിധീകരിക്കുന്നത്. കേന്ദ്ര സംഘടന ബഹിഷ്‌കരിക്കാൻ തീരുമാനിച്ചാൽ കേരളത്തിലും സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.മുജീബുർ റഹ്‌മാൻ പറഞ്ഞു.