മലയാളി സ്റ്റാര്‍ട്ടപ്പ് ജെന്‍ റോബോട്ടിക്‌സ് ഉടമകള്‍ ഫോര്‍ബ്‌സ് ഇന്ത്യ 30 അണ്ടര്‍ 30 പട്ടികയില്‍: ഒപ്പം അന്നാ ബെന്നും കാളിദാസ് ജയറാമും

0
98

ഫോര്‍ബ്‌സ് ഇന്ത്യയുടെ 2023ലെ 30 അണ്ടര്‍ 30 പട്ടികയില്‍ ഇടം നേടി മലയാളി സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്‌സ് ഉടമകളും. ബിസിനസ്, വിനോദം, കായികം തുടങ്ങിയ മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന 30 യുവാക്കളെയാണ് 30 അണ്ടര്‍ 30 ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. സിനിമാ വിഭാഗത്തില്‍ അന്ന ബെന്‍, കാളിദാസ് ജയറാം എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍.
2017ല്‍ അരുണ്‍ ജോര്‍ജ്, നിഖില്‍ എന്‍.പി, റഷീദ് കെ, വിമല്‍ ഗോവിന്ദ് എം.കെ എന്നീ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച റോബോട്ടിക് സ്റ്റാര്‍ട്ടപ്പാണ് ജെന്റോട്ടിക്‌സ്. മനുഷ്യര്‍ നേരിട്ട് ഇറങ്ങാതെ തന്നെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ബാന്‍ഡികൂട്ട് എന്ന ഇവരുടെ റോബോട്ട് സാമൂഹിക പ്രാധാന്യം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ആവശ്യമായ ഇത്തരം നിരവധി കണ്ടുപിടുത്തങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്. റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കിക്കൊണ്ട് ശുചീകരണ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നു. ഇത്തരത്തില്‍ 3000 പേര്‍ക്ക് റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കാന്‍ പരീശീലനം നല്‍കിക്കൊണ്ട് ഇവരുടെ വരുമാനം നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്താനും കമ്പനി ശ്രദ്ധിക്കുന്നു.