ഇന്ത്യൻ ഓഹരികൾ വൻതോതിൽ വാങ്ങിക്കൂട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPI). 1.71 ലക്ഷം കോടി രൂപയാണ് 2023ൽ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിലേക്ക് ഒഴുക്കിയത്. ഡിസംബറിൽ മാത്രം 66,134 കോടി രൂപയുടെ നിക്ഷേപമെത്തി. 2022ൽ 1.21 ലക്ഷം കോടി രൂപ പിൻവലിച്ച സ്ഥാനത്താണ് 2023ൽ 1.71 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമെത്തിയത്.
ഇന്ത്യയുടെ ജി.ഡി.പി വളർച്ചയിലെ മികവ്, കോർപ്പറേറ്റ് കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങൾ, ഐ.പി.ഒയ്ക്കെത്തിയ കമ്പനികളിലുണ്ടായ വർധന, ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തിയ കമ്പനികളുടെ നേട്ടം തുടങ്ങി നിരവധി ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തുന്നത്.
2023ലെ ഏറ്റവും ഉയർന്ന പ്രതിമാസ നേട്ടമാണ് ഡിസംബറിലെത്തിയ 66,134 കോടി രൂപ. സെപ്റ്റംബറിൽ 14,768 കോടി രൂപയും ഒക്ടോബറിൽ 24,548 കോടി രൂപയും ഇന്ത്യയിൽ നിന്ന് പിൻവലിച്ച നിക്ഷേപകർ, നവംബറിൽ 9,001 കോടി രൂപ നിക്ഷേപിച്ചാണ് തിരികെയെത്തിയത്.