വിദേശ നിക്ഷേപകരുടെ എണ്ണം കുതിക്കുന്നു

Related Stories

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) കഴിഞ്ഞ നാല് മാസത്തിനുള്ളിൽ (2023 മാ‌ർച്ച് മുതൽ) ഇന്ത്യയിൽ 1.5 ട്രില്യൺ (1.5 ലക്ഷം കോടി) രൂപ നിക്ഷേപിച്ചു. ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിക്ഷേപമാണ് ഇന്ത്യയിൽ ഈ കാലയളവിനുള്ളിൽ ഉണ്ടായത്. ഇക്കാര്യത്തിൽ മറ്റ് ആഗോള വിപണികളെ ഇന്ത്യ മറികടന്നതായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയേക്കാൾ 600 കോടി ഡോളർ കുറവ് നിക്ഷേപം നേടിയ തായ്‌വാനാണ് രണ്ടാം സ്ഥാനത്ത്.

ഒഴുക്കിന് പിന്നിൽ

ലോകത്ത് അതിവേഗം വളരുന്ന പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥ ആയതിനാലാണ് ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ നിക്ഷേപം ഒഴുകുന്നത്. ആഗോള പ്രതിസന്ധികളെ ബാധിക്കാതെ ഓഹരി വിപണികളിൽ റെക്കാഡ് കുതിപ്പാണ് ഇന്ത്യയിൽ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായത്. ആഭ്യന്തരരംഗത്തു നിന്നുള്ള അനുകൂല ഘടകങ്ങൾ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യം ഉണ്ടെന്ന കണക്കുകൂട്ടലും വിദേശ നിക്ഷേപകർക്ക് പ്രേരണയാകുന്നുണ്ട്. മികച്ച കോർപ്പറേറ്റ് ഫലങ്ങൾ,​ ഉയർന്നുവരുന്ന മൂലധന ചെലവിടൽ, മാനുഫാക്ചറിംഗ് മേഖലയുടെ വീണ്ടെടുപ്പ്, ശക്തമായ ബാങ്കിംഗ് മേഖല എന്നിവയെല്ലാം എഫ്.പി.ഐകളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

മൂന്നുപാദങ്ങളിലും ഇന്ത്യയിലേക്കുള്ള നിക്ഷേപ ഒഴുക്ക് എതിരാളികളേക്കാൾ മൂന്നിരട്ടിയോളമാണ്. മറ്റ് വിപണികൾ ഇപ്പോഴും തളരുമ്പോഴും നിഫ്റ്റിക്ക് പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിഞ്ഞതും ഇതിൽ പ്രതിഫലിക്കുന്നതായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് അനലിസ്റ്റ് സച്ചിൻ ജെയിൻ പറഞ്ഞു. സജീവമായ ഒഴുക്ക് വരും പാദങ്ങളിൽ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ജെയിൻ അഭിപ്രായപ്പെട്ടു. ജൂലായ് മാസത്തെ നിക്ഷേപം കഴിഞ്ഞ മേയ്,​ ജൂൺ മാസങ്ങളിലെ നിക്ഷേപത്തെ മറികടക്കും. ഈമാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപം എഫ്‍.പി.ഐകൾ നടത്തിയിട്ടുണ്ട്. മേയിൽ 43,838 കോടി രൂപയും ജൂണിൽ 47,148 കോടി രൂപയുമാണ് ഇന്ത്യയിലേക്ക് എഫ്.പി.ഐ എത്തിയത്. മേഖലകൾ തിരിച്ച് നോക്കുമ്പോൾ ധനകാര്യം, ഓട്ടോമൊബൈൽ, മൂലധന ഉത്പന്നങ്ങൾ, റിയൽറ്റി, എഫ്.എം.സി.ജി എന്നിവയിൽ എഫ്.പി.ഐകൾ ശക്തമായ നിക്ഷേപം തുടരുകയാണ്. ഇത് ഇത്തരം മേഖലകളിലെ ഓഹരികളുടെ കുതിപ്പിന് കാരണമായി.

തിരിച്ചു വരവ്

നിഫ്റ്റി 50 സൂചിക 2022 ഡിസംബറിലെ അതിന്റെ ഏറ്റവും പുതിയ ഉയർന്ന തലത്തിൽ നിന്ന് 2023 മാർച്ച് വരെ ഏകദേശം 10% ഇടിഞ്ഞു. എന്നാൽ അതിനുശേഷം, ശക്തമായ വിദേശ നിക്ഷേപത്തിന്റെ പിൻബലത്തിൽ വിപണി അതിന്റെ എല്ലാ നഷ്ടങ്ങളും വീണ്ടെടുത്ത് എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.

മാർച്ചിന് ശേഷം ഇതുവരെ നിഫ്റ്റി 50യുടെ മുന്നേറ്റം 17 ശതമാനമാണ്. അതേസമയം നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചിക 30 ശതമാനം നേട്ടമുണ്ടാക്കി. ജൂണിൽ സ്‌മോൾക്യാപ്പ് ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട്‌സ് നേടിയ നിക്ഷേപം മേയിലെ 3,300 കോടി രൂപയിൽ നിന്ന് 5,500 കോടി രൂപയായി ഉയർന്നു. 2022ൽ ആകെ 20,000 കോടി രൂപയുടെ നിക്ഷേപമാണ് സ്‌മോൾക്യാപ്പ് ഫണ്ടുകൾ നേടിയതെങ്കിൽ 2023ന്റെ ആദ്യ ആറുമാസത്തിൽ തന്നെ നിക്ഷേപം 18,000 കോടി രൂപയിലെത്തിയിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories