കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാൻ സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠനത്തിന് അവസരം നൽകുമെന്ന് എക്‌സിലൂടെ(മുൻപ് ട്വിറ്റർ) അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് ഭാഷ പഠിക്കുന്നതിന് ഫ്രാൻസിലെ സർവകലാശാലകളിൽ അന്താരാഷ്ട്ര ക്ലാസുകൾ ആരംഭിക്കും. ഇതിനായി പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഫ്രാൻസുമായി സഹകരിക്കുന്ന രാജ്യങ്ങളുമായുള്ള ശൃഖലകൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മാക്രോൺ പറഞ്ഞു.
ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവൽ മാക്രോൺ.