ആറ് പതിറ്റാണ്ടിൽ ഏറെയായി കേട്ടുപരിചയിച്ച പേര്. സെല്ലോ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുന്നത് സെല്ലോ പേനകളാണ്. സെല്ലോ ഗ്രിപ്പർ, പിൻ പോയിന്റ്, ടെക്നോ ടിപ് അങ്ങനെ നീളുന്നു ആ നിര. പ്ലാസ്റ്റിക് വളകളും, ഷൂസും നിർമ്മിച്ച് തുടങ്ങിയ സെല്ലോ വേൾഡ് ഇന്ന് പ്രമുഖ ഹൗസ്ഹോൾഡ് ബ്രാൻഡ് എന്ന നിലയിൽ 1700ലധികം ഉത്പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. 1958 ല്‍ ഗിസുലാല്‍ റാത്തോഡ് ആരംഭിച്ച ചെറു ഫാക്ടറിയാണ് സെല്ലോയുടെ ആദ്യ രൂപം. 60 തൊഴിലാളികളും 7 യന്ത്രങ്ങളുമായി മുംബൈയിലെ ഗോരേഗാവിലാണ് പിവിസി ഷൂസും വളകളും നിര്‍മിക്കുന്ന ഫാക്ടറി അദ്ദേഹം സ്ഥാപിച്ചത്. പിന്നീട് മറ്റ് മേഖലകളിലേക്കും വ്യാപിച്ചു. 1967-ൽ, കമ്പനി ഇന്ത്യൻ കുടുംബങ്ങൾക്കായി വിലകുറഞ്ഞതും മോടിയുള്ളതുമായ പ്ലാസ്റ്റിക് സാധനങ്ങൾ വിപണിയിലെത്തിച്ചു.
ചെലവേറിയതും ഭാരമുള്ളതുമായ പിച്ചള, സ്റ്റീല്‍ ഉത്പ്പന്നങ്ങള്‍ക്ക് പകരം പ്ലാസ്റ്റിക്കിനെ വിജയകരമായി മുന്നോട്ട് വെയ്ക്കാന്‍ അക്കാലത്ത് അദ്ദേഹത്തിനായി. 1980തില്‍ ഒരു അമേരിക്കന്‍ യാത്രയ്ക്കിടെ കണ്ട കാസറോള്‍ ഗിസുലാലിനെ ആകർഷിച്ചു. അങ്ങനെ അദ്ദേഹം കാസറോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ഈ നീക്കമാണ് സെല്ലോയെ ഇന്ത്യന്‍ അടുക്കയിലെ പരിചിത മുഖവും, വിപണിയിലെ താരവുമാക്കിയത്. 1995 ല്‍ റബ്ബര്‍ ഗ്രിപ്പുള്ള പേനകളും സെല്ലോ വിപണിയിലെത്തിച്ചു. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ തംരഗമായതോടെ പേനയിലൂടെയും സെല്ലോ ലാഭം കൊയ്തു. ഗിസുലാലിന്റെ മകൻ പ്രദീപ് റാത്തോഡ് നേതൃത്വത്തിലേക്ക് എത്തിയതോടെ വൈവിധ്യമാർന്ന കിച്ചൺവെയർ ഉത്പ്പന്നങ്ങൾ ഉൾക്കൊള്ളിച്ച് കമ്പനി ഉത്പന്ന നിര വിപുലീകരിച്ചു.
സെല്ലോ വേൾഡ് പേനകൾ, വാട്ടർ ബോട്ടിലുകൾ, ഡിന്നർവെയർ, പാത്രങ്ങൾ, ഗ്ലാസ് വെയർ, ഡ്രിങ്ക് വെയർ, ഇൻസുലേറ്റഡ് വെയർ എന്നിവയുൾപ്പെടെ നിരവധി വീട്ടുപകരണങ്ങളാണ് സെല്ലോ വിപണയിലെത്തിക്കുന്നത്. ക്ലീനിംഗ് സപ്ലൈസ്, സ്റ്റേഷനറി, ചെറിയ അടുക്കള ഉപകരണങ്ങൾ, മോൾഡഡ് ഫർണിച്ചറുകൾ, എയർ കൂളറുകൾ എന്നിവയും സെല്ലോയുടെ ഉത്പ്പന്ന പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു.
സാമ്പത്തിക സ്ഥിതിയിലും കമ്പനിയുടെ വളർച്ച പ്രകടമാണ്. 2021- 2023 സാമ്പത്തിക വർഷത്തിനിടയിൽ സെല്ലോ വേൾഡിന്റെ വരുമാനം 30.8 ശതമാനവും നികുതി കഴിച്ചുള്ള വരുമാനം 32.7 ശതമാനവും വർധിച്ചു. വൈവിധ്യവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനി ആധുനിക വീട്ടുപകരണങ്ങളിലേക്ക് കടന്ന് കൺസ്യൂമർവെയർ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. പുതുമകളോടുള്ള പ്രതിബദ്ധതയാണ് സെല്ലോ വേൾഡിൻ്റെ വിജയത്തിൻ്റെ കാതൽ. ഉപഭോക്താക്കൾക്കൊപ്പം വളർന്ന ബ്രാൻഡായ സെല്ലോ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പുതിയ ഉത്പ്പന്നങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.