അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന മിനിരത്ന കമ്പനിയായ ഗാര്ഡന് റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്റ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും(GRSE) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും (KEL) തമ്മില്‍ വിവിധമേഖലകളില്‍ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യന്‍ നാവിക സേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും വേണ്ടി യുദ്ധക്കപ്പലുകളും മറ്റും നിര്‍മ്മിക്കുന്നതില്‍ GRSE പ്രധാന പങ്കു വഹിക്കുന്നുണ്ട്. കപ്പലുകള്‍ക്കാവശ്യമായ പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീല്‍ ബ്രിഡ്ജുകള്‍, വിവിധ ഡെക്ക് മെഷിനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയും നിര്‍മ്മിക്കുന്ന GRSEയുമായി ഇന്ന് KEL ഒപ്പുവച്ചിരിക്കുന്ന ധാരണാപത്രം പ്രകാരം കാര്‍ബണ്‍ ഫൈബര്‍ കോമ്പോസിറ്റ് ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞ ബെയിലി പാലങ്ങള്‍ കേരളം നിര്‍മ്മിച്ചുനല്‍കും. ട്രാന്‍സ്ഫോര്‍മറുകള്‍, ആള്‍ട്ടര്‍നേറ്ററുകള്‍, സസ്പെന്ഷന് ബ്രിഡ്ജുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ സ്പെസിഫിക്കേഷന്‍ പ്രകാരം നിര്‍മ്മിച്ചുനല്‍കാനും ധാരണയായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെ മത്സരക്ഷമവും ലാഭകരവുമാക്കിമാറ്റുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് ഊര്‍ജ്ജം നല്‍കുന്നതാണ് ധാരണാപത്രം. മിനിരത്ന കമ്പനിയായ GRSEയുമായുള്ള സഹകരണം KEL ന് പുതിയ കരാറുകള്‍ നേടിയെടുക്കുന്നതിനും സഹായകമാകുമെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.