ഏഷ്യയിലെ ഏറ്റവും സമ്പന്നൻ:അംബാനിയെ മറികടന്ന് ഗൗതം അദാനി

0
614

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന പട്ടം പിടിച്ചെടുത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയാണ് അദാനി മറികടന്നത്. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരന്മാരുടെ സൂചികയിൽ നിലവിൽ 12-ാം സ്ഥാനത്താണ് അദാനി. അംബാനി 13-ാം സ്ഥാനത്തും.


ഹിൻഡെൻബർഗ് ആരോപണങ്ങളിൽ അദാനിക്കെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്നും ഹിൻഡെൻബർഗിന്റെ റിപ്പോർട്ട് തെളിവായി കാണാനാകില്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നാലെ അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരി വില കുതിച്ചുയരുകയും സംയുക്ത വിപണിവിഹിതം 15 ലക്ഷം കോടി രൂപ കടക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് ഗൗതം അദാനിയുടെ ആസ്‌തിയും ഉയർന്നത്.


സുപ്രിം കോടതി വിധി വന്നതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് ഗൗതം അദാനിയുടെ ആസ്‌തിയിൽ 767 കോടി ഡോളറിന്റെ (63,000 കോടി രൂപ) വർധനയാണുണ്ടായത്. ഈ മാസം ഇതുവരെ ആസ്‌തിയിൽ 1,330 കോടി ഡോളറിന്റെ (1.10 ലക്ഷം കോടി രൂപ) വർധന ഉണ്ടായി. ഇതോടെയാണ് മൊത്തം 9,760 കോടി ഡോളർ (8.10 ലക്ഷം കോടി രൂപ) ആസ്‌തിയുമായി ഗൗതം അദാനി മുകേഷ് അംബാനിയെ മറികടന്നത്.