ഗൗതം അദാനി തിരിച്ചെത്തി:വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിൽ

0
537

ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിലേക്ക് തിരിച്ചെത്തി ഗൗതം അദാനി. കഴിഞ്ഞ ദിവസങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നതാണ് കാരണം. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം 1.33 ലക്ഷം കോടി രൂപയുടെ മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഇതോടെ, ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തി ഒറ്റ ദിവസം കൊണ്ട് 6.5 ബില്യൺ ഡോളറായി ഉയർന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചികയിൽ 19-ാം സ്ഥാനത്താണ് അദാനി ഇപ്പോൾ. 9,000 ഡോളറിന്റെ മൊത്തം ആസ്‌തിയോടെ പട്ടികയിൽ 13-ാം സ്ഥാനത്ത് മുകേഷ് അംബാനിയുണ്ട്.

ജൂലിയ ഫ്ലെഷർ കോച്ച് & ഫാമിലി (64.7 ബില്യൺ ഡോളർ), ചൈനയിലെ സോങ് ഷാൻഷാൻ (64.10 ബില്യൺ ഡോളർ), യുഎസിലെ ചാൾസ് കോച്ച് (60.70 ബില്യൺ ഡോളർ) തുടങ്ങിയ ശതകോടീശ്വരന്മാരെ മറികടന്നാണ് അദാനി 19-ാം സ്ഥാനത്തേക്ക് എത്തിയത്. ഹിൻഡെൻബെർഗ് വിഷയത്തിൽ അദാനി ഗ്രൂപ്പിനെതിരായ സെബിയുടെ അന്വേഷണത്തിൽ സുപ്രിം കോടതിയുടെ നിരീക്ഷണങ്ങളെത്തുടർന്ന് ഗ്രൂപ്പിന്റെ 10 ഓഹരികളും ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹിൻഡെൻബെർഗ് പുറത്തുവിട്ട ആരോപണങ്ങൾ ‘വിശുദ്ധസത്യ’മായി കാണാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

ബ്ലൂംബെർഗ് സമ്പന്ന പട്ടികയിൽ ലോകത്തെ ഏറ്റവും സമ്പന്നൻ ടെസ്ല, ട്വിറ്റർ എന്നിവയുടെ മേധാവി എലോൺ മസ്‌കാണ്. 228 ബില്യൺ ഡോളറാണ് മസ്ക്കിന്റെ ആസ്തി. രണ്ടാം സ്ഥാനത്ത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (177 ബില്യൺ ഡോളർ), മൂന്നാമത് ഫ്രഞ്ച് ശതകോടിശ്വരൻ ബെർണാഡ് അർനോൾട്ട് (167 ബില്യൺ ഡോളർ) എന്നിവരാണ്.