നട്ടെല്ലിന് പരിക്കേറ്റോ പക്ഷാഘാതം മൂലമോ നടക്കാൻ കഴിയാത്തവരെ നടക്കാൻ പരിശീലിപ്പിക്കുന്ന ജീ ഗെയ്റ്റർ റോബോട്ടിക് ഉപകരണം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കും എത്തുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച ആദ്യത്തെ ഉപകരണം നവംബർ നാലാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേരള സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്സ് ആണ് ജീ ഗെയ്റ്റർ എന്ന മെഡിക്കൽ റോബോട്ടിക് ഉപകരണം വികസിപ്പിച്ചത്.
അപകട ശേഷവും മറ്റ് ആരോഗ്യകാരണങ്ങളാലും നടക്കാന്‍ കഴിയാത്തവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് സഹായകരമാകുന്ന ഉപകരണമാണ് ജീ ഗെയ്റ്റര്‍. 1.86 കോടി മുടക്കി കെ ഡിസ്ക് ആണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഉള്‍പ്പെടെ ജി ഗെയ്റ്റര്‍ സ്ഥാപിക്കും. ഒരു ദിവസം 16 രോഗികള്‍ക്ക് 20 മിനിട്ട് വീതം പരസഹായമില്ലാതെ ഈ യന്ത്രം ഉപയോഗിച്ച് നടന്നു പരിശീലിക്കാൻ സാധിക്കും.
വീല്‍ ചെയറിലിരുത്തിയശേഷം ട്രാമ്പ് വഴിയാണ് രോഗികളെ ഉപകരണത്തിലേക്ക് കയറ്റുന്നത്. പിന്നീട് വീല്‍ചെയർ മാറ്റി ഉപകരണവുമായി രോഗിയെ ബന്ധിപ്പിക്കും. യന്ത്രം നിയന്ത്രിക്കാന്‍ ഒരാള്‍ ഉണ്ടാകും. ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരം നേടിയിട്ടുള്ള യന്ത്രം കൃത്യമായ സുരക്ഷ ഉറപ്പാക്കിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.