രാജ്യത്ത് മെഗാ ക്യാംപസുകൾ നിർമിക്കാൻ ഒരുങ്ങി ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ. കേന്ദ്ര കമ്യൂണിക്കേഷൻ, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ മെഗാ നിർമാണ ക്യാംപസുകൾ പണിയുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിരവധി നിർമാണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിൽ 100 ഏക്കറിലായിരിക്കും ക്യാംപസ് നിർമിക്കുക.
അടുത്തിടെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവേ ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാൻ താത്പര്യമറിയിച്ച് നിരവധി കമ്പനികൾ മുന്നോട്ടു വന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്ത് പിക്സൽ ഫോണുകൾ നിർമിക്കാൻ ഗൂഗിൾ താത്പര്യമറിയിച്ചിരുന്നു. സാംസങ് നേരത്തെ തന്നെ രാജ്യത്ത് ഫോണുകളുടെ നിർമാണം ആരംഭിച്ചിരുന്നു. സാംസങ്ങിന് പിന്നാലെ ആപ്പിളും രാജ്യത്ത് ഐഫോൺ നിർമാണം ആരംഭിച്ചു.
ഐടി ഹാർഡ്‌വെയർ മേഖലയിൽ നടപ്പാക്കിയ ഇൻസെന്റീവ് സ്കീമിൽ അപേക്ഷിച്ച 27 കമ്പനികൾക്ക് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. 3,000 കോടി രൂപയുടെ നിക്ഷേപമാണ് മേഖലയിൽ വരാൻ പോകുന്നത്.