കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ ഇ.സി ഓട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി 1,000 സൂപ്പര്‍ ഫാസ്റ്റ് ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. ഒരു വര്‍ഷത്തിനിടെ 103 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ചരിത്രം കുറിച്ച ശേഷമാണ് ഇലക്ട്രിക് വാഹന മേഖലയിലെ വിപ്ലവത്തിന് വഴിയൊരുക്കുന്ന പ്രഖ്യാപനം.
ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവം ഇന്നും ഇലക്ട്രിക് വാഹന വിപണിയെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇവിടെയാണ് ഗോ ഇ.സിയുടെ പ്രാധാന്യം. ഇതിനോടകം കേരളത്തിലുടനീളം 70 ചാര്‍ജിങ് സ്റ്റേഷനുകളും സംസ്ഥാനത്തിന് പുറത്ത് 33 ചാര്‍ജിങ് സ്റ്റേഷനുകളുമാണ് ഗോ ഇ.സിയുടേതായി പ്രവര്‍ത്തിക്കുന്നത്.
സാധാരണ 5-6 മണിക്കൂറുകളെടുത്തുള്ള ചാര്‍ജിങ് വളരെ വേഗത്തിലാക്കാന്‍ കഴിയും എന്നതാണ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെ പ്രത്യേകത. പുതിയ പദ്ധതിയിലൂടെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ടയര്‍-2, ടയര്‍-3 നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയാണ് കമ്ബനിയുടെ ലക്ഷ്യം. ഇതിന് പുറമേ സംസ്ഥാന, ദേശീയ പാതയോരങ്ങളിലും തന്ത്ര പ്രധാനമായ സ്ഥലങ്ങളിലും രാജ്യത്തെ പ്രമുഖ ഷോപ്പിങ് മാളുകളിലും റസ്റ്ററന്റുകളിലും കൂടി ചാര്‍ജിങ് സൗകര്യം ഒരുങ്ങുന്നതോടെ ദീര്‍ഘ ദൂര യാത്രകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം.