ബുള്ളറ്റ് തിരിച്ചടവ് സ്കീമിന് കീഴിലുള്ള സ്വർണ്ണ വായ്പകളുടെ പരമാവധി പരിധി 2 ലക്ഷം രൂപയിൽ നിന്ന് 4 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ലോണിന്റെ കാലാവധി അവസാനിക്കുമ്പോൾ, മുതലും പലിശയും ഒറ്റത്തവണയായി തിരിച്ചടയ്ക്കാൻ വായ്പ എടുത്തവരെ അനുവദിക്കുന്നതാണ് ബുള്ളറ്റ് തിരിച്ചടവ് സ്കീം. തെരെഞ്ഞെടുക്കപ്പെട്ട നഗര സഹകരണ ബാങ്കുകളിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ.
2023 മാർച്ച് 31 വരെയുള്ള നിർദ്ദിഷ്ട മുൻഗണന മേഖലാ വായ്പ (പിഎസ്എൽ) ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കുള്ള പാരിതോഷികമായാണ് ഈ തീരുമാനം. 2007-ലാണ് ഒരു ലക്ഷം രൂപ വരെയുള്ള സ്വർണ്ണ വായ്പകളുടെ ബുള്ളറ്റ് തിരിച്ചടവ് പദ്ധതി ആർബിഐ ആദ്യമായി അനുവദിച്ചത്. 2014-ൽ, തിരിച്ചടവ് കാലയളവ് 12 മാസമായി പരിമിതപ്പെടുത്തി പരിധി 2 ലക്ഷം രൂപയാക്കിയിരുന്നു. ചെറുകിട വായ്പക്കാർക്ക് മികച്ച വായ്പ ഉറപ്പാക്കുന്നതാണ് പദ്ധതി.