സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ജനുവരി രണ്ടിന് പവന് 47,000 രൂപയായിരുന്ന സ്വർണ്ണ വില ഇന്നുള്ളത് 46,240 രൂപയിലാണ്. ആറ് ദിവസത്തിനിടെ 660 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നുമാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,785 രൂപയായി. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 78 രൂപയാണ് വിപണി വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന്103 രൂപയാണ് വില.
രാജ്യാന്തര വിപണിയിലെ ഇടിവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔൺസിന് 2,045 ഡോളറായിരുന്ന രാജ്യാന്തര വില ഇന്ന് 2,036 ഡോളറിലേക്ക് താഴ്ന്നു. ഒരിടവേളയ്ക്ക് ശേഷം അമേരിക്കൻ സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ് (കടപ്പത്ര ആദായനിരക്ക്) 4 ശതമാനത്തിന് മുകളിലെത്തിയതാണ് സ്വർണത്തിന്റെ ഡിമാൻഡ് കുറയാൻ കാരണമായത്.