പിടിതരാതെ പൊന്ന്:പുത്തൻ റെക്കോർഡിട്ട് സ്വർണ്ണ വില 

0
591

ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ വലച്ച് റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്നു. സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ റെക്കോഡ് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപ വർധിച്ച് വില 5,970 രൂപയായി. പവന് 200 രൂപ ഉയർന്ന് 47,760 രൂപയാണ് വില. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ വർധിച്ച് പുത്തൻ റെക്കോഡായ 4,995 രൂപയിലെത്തി. 5,000 രൂപയെന്ന നാഴികക്കല്ല് താണ്ടാൻ ഇനി വെറും 5 രൂപയുടെ അകലം മാത്രമാണുള്ളത്.

ഈ മാസം ഇതുവരെ സംസ്ഥാനത്ത് പവൻ വിലയിലുണ്ടായ വർധന 1,440 രൂപയാണ്. ഗ്രാമിന് 180 രൂപയും ഉയർന്നു. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്ന പവൻ വിലയാണ് ഇന്ന് 47,760 രൂപയിലെത്തിയത്. അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 78 രൂപയാണ് വില. 

കഴിഞ്ഞ ആഴ്ച ഔൺസിന് 2,030 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണ്ണ വില ഇപ്പോഴുള്ളത് 2,125 ഡോളറിലാണ്. നിലവിലെ ട്രെൻഡ് തുടർന്നാൽ വില വൈകാതെ 2,194 ഡോളർ വരെയെത്തുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ കേരളത്തിൽ പവൻ വില 50,000 രൂപയിലെത്തും. അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് താഴ്ത്തിയേക്കുമെന്ന വിലയിരുത്തലിൽ ഡോളറിൻ്റെ മൂല്യവും അമേരിക്കൻ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴുകയാണ്. ഇതോടെ നിക്ഷേപകർ ഡോളറിനെയും കടപ്പത്രത്തെയും കൈവിട്ട് സുരക്ഷിത നിക്ഷേപമെന്നോണം പണം സ്വർണത്തിലേക്ക് മാറ്റുകയാണ്. ഇതാണ് സ്വർണത്തിന് ഡിമാൻഡും വിലയും കൂടാൻ കാരണം.