ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്‌വെയർ, എഞ്ചിനിയറിംഗ് വിഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും മുൻഗണനാടിസ്ഥാനത്തിൽ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങൾ ആവശ്യമായി വന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം. ജോലി നഷ്‌ടപ്പെട്ടവർക്ക് ഗൂഗിളിൽ തന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നൽകിയിട്ടുണ്ട്.
അതേസമയം പിരിച്ചുവിടലിനെതിരെ ആൽഫബെറ്റ് വർക്കേഴ്‌സ് യൂണിയൻ രംഗത്തെത്തി. മികച്ച ഉത്പന്നങ്ങൾക്കായി ജീവനക്കാർ ദിവസവും കഠിനാധ്വാനം ചെയ്യുകയാണ്. ഓരോ പാദത്തിലും ശതകോടികൾ സമ്പാദിക്കുന്ന കമ്പനിക്ക് ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരാനാവില്ലെന്ന് യൂണിയൻ എക്സിൽ(മുൻപ് ട്വിറ്റർ) കുറിച്ചു. ജോലി സുരക്ഷിതമാകുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും യൂണിയൻ വ്യക്തമാക്കി