വിദേശത്തേയ്ക്ക് യാത്ര നടത്തുമ്പോൾ കൈയിൽ കറൻസി നോട്ടുകൾ കരുതുന്നത് ഒഴിവാക്കാൻ സംവിധാനം. ഇന്ത്യക്കാർക്ക് ഇനി വിദേശത്തും ഗൂഗിൾ പേ (Gpay) ഉപയോഗിക്കാം. ഇന്ത്യക്ക് പുറത്തും പേയ്മെന്റുകൾ നടത്താൻ ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ഇന്റർനാഷണൽ പേയ്മെന്റും തമ്മിൽ ധാരണയായി.
ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് ഗൂഗിൾ പേ വഴി മറ്റ് രാജ്യങ്ങളിൽ പണമിടപാടുകൾ നടത്താനാകും. വിദേശ കറൻസി, ക്രെഡിറ്റ് കാർഡ്, ഫോറിൻ എക്സ്ചേഞ്ച് കാർഡുകൾ എന്നിവ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് വിദേശത്ത് വച്ച് ഡിജിറ്റൽ പണമിടപാട് നടത്താൻ സാധിക്കും. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നുണ്ട്. വിദേശത്ത് വച്ച് യു.പി.ഐ ഇടപാടുകൾ നടത്താൻ വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്ന് കരാറിൽ പറയുന്നുണ്ട്.