ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത് 2200 ലധികം വ്യാജലോൺ ആപ്പുകൾ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലാണ് ആപ്പുകൾ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോൺ ആപ്പുകളെ നേരിടാനുള്ള സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്.
2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഏകദേശം 3500 മുതൽ 4000 ലോൺ ആപ്പുകൾ വരെയാണ് ഗൂഗിൾ റിവ്യൂ ചെയ്തത്. ഇതിൽ ഏകദേശം 2500 ആപ്പുകൾ നീക്കം ചെയ്തു. 2022 സെപ്റ്റംബർ മുതൽ 2023 ഓഗസ്റ്റ് വരെ നടത്തിയ പരിശോധനയെ തുടർന്ന് ഗൂഗിൾ 2200 ലോൺ ആപ്പുകൾ കൂടി നീക്കം ചെയ്തു. നിലവിൽ ലോൺ ആപ്പുകൾക്ക് കടുത്ത നിയന്ത്രണമാണ് പ്ലേ സ്റ്റോറിലുള്ളത്.
ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച് പ്രവർത്തിക്കുന്നവർക്കാണ് ലോൺ ആപ്പുകൾ പ്രസിദ്ധീകരിക്കാൻ സാധിക്കുക. ഇതിനൊപ്പം കർശന വ്യവസ്ഥകളും പാലിക്കേണ്ടി വരും. സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതോടെയാണ് കേന്ദ്രസർക്കാർ ഈ വിഷയത്തിൽ സജീവ ഇടപെടൽ നടത്തി തുടങ്ങിയത്. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ എസ്എംഎസ്, റേഡിയോ ബ്രോഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്പയിൻ എന്നിവയിലൂടെ സൈബർ കുറ്റകൃതൃങ്ങളെ കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണവും നല്കുന്നുണ്ട്.