സി-ഡാക് നോഡല്‍ ഏജന്‍സിയായ ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതിനോട് അനുബന്ധിച്ച് ഇന്ത്യ സെമികണ്ടക്ടര്‍ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മേഖലയെ ഉത്തേജിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, വന്‍കിട സംരംഭങ്ങള്‍, സര്‍ക്കാര്‍ ലാബുകള്‍, ഇലക്ട്രോണിക്‌സ് മേഖലയിലെ കോര്‍പ്പറേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന സംയുക്ത സഹകരണ സംരംഭമാണ് ലക്ഷ്യം. ടയര്‍ 1 വിതരണക്കാരും ഓട്ടോമോട്ടീവ് വ്യാവസായിക പ്ലാറ്റ്ഫോമുകളും ഉള്‍പ്പെടുന്ന സംരംഭം ഭാവിയിലേക്കുള്ള ഇലക്ട്രോണിക്‌സ്, അര്‍ദ്ധചാലക സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും നവീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിലൂടെ ഗവേഷണ നവീകരണ ചട്ടക്കൂട് സ്ഥാപിച്ച് രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മേഖലയെ ഉത്തേജിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
ഓട്ടോമോട്ടീവ്, മൊബിലിറ്റി, കമ്പ്യൂട്ട്, കമ്മ്യൂണിക്കേഷന്‍, സ്ട്രാറ്റജിക് ഇലക്ട്രോണിക്സ്, ഇന്‍ഡസ്ട്രിയല്‍ ഐഒടി തുടങ്ങിയ മേഖലകളിലായിരിക്കും ഫ്യൂച്ചര്‍ ലാബ്സ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഓട്ടോമോട്ടീവ്, കമ്പ്യൂട്ടര്‍ വയര്‍ലെസ് ടെലി കമ്മ്യൂണിക്കേഷന്‍, വ്യാവസായിക ആപ്ലിക്കേഷനുകള്‍, ഐഒടി തുടങ്ങിയ മേഖലകളില്‍ രാജ്യം മുന്നേറുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.