പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിൽപന:എസ്.ബി.ഐ, ഒ.എന്‍.ജി.സി ഓഹരികളും വില്‍ക്കാന്‍ തയ്യാറെന്ന്‌ കേന്ദ്രം

0
323

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയെന്ന കേന്ദ്ര നയത്തിൽ മാറ്റമില്ലെന്ന സൂചന നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിൻ്റെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ കേന്ദ്രം ഒരുക്കമാണെന്ന് മന്ത്രി വ്യക്തമാക്കി.


ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെൻ്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെൻ്റ് (DIPAM/ദിപം) ആണ് ഓഹരികൾ വിറ്റഴിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിൽപന ദിപം ഊർജിതമാക്കുമെന്നും സ്വകാര്യമേഖല ഈ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളിലേക്ക് വരുമെന്നും അഭിമുഖത്തിൽ നിർമ്മല പറഞ്ഞു.

എതിരാളികളായ സ്വകാര്യകമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം വളരെ കുറവാണ്. ഇവയുടെ മൂല്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും നിർമ്മല പറഞ്ഞു. എസ്.ബി.ഐ., ഒ.എൻ.ജി.സി എന്നിവയിലെ ഓഹരികൾ വിറ്റൊഴിയാൻ കേന്ദ്രം തയ്യാറാണെന്നും നിർമ്മല പറഞ്ഞു. നിലവിൽ എസ്.ബി.ഐയിൽ 57.49 ശതമാനവും ഒ.എൻ.ജി.സിയിൽ 58.89 ശതമാനവും ഓഹരി പങ്കാളിത്തമാണ് കേന്ദ്രത്തിനുള്ളത്. ഇതുവഴി ഇവയുടെ നിയന്ത്രണാവകാശവും കേന്ദ്രത്തിനുണ്ട്.