സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ 8.2% പലിശ:ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചു

0
191

2024 ജനുവരി-മാർച്ച് പാദത്തിലെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ പ്രഖ്യാപിച്ച് സർക്കാർ. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും പുതിയ പലിശ നിരക്ക് ലഭ്യമാകും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പ്രത്യേക ചെറുകിട സമ്പാദ്യ പദ്ധതികൾക്കും പോസ്റ്റ് ഓഫീസ് സ്കീമുകൾക്കും സർക്കാർ പ്രഖ്യാപിച്ച പലിശ നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 7.1 ശതമാനമായി തന്നെ തുടരും. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരയ്ക്കും വർധിച്ചു. 8.2 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശ. മറ്റു ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് ഒക്ടോബർ-ഡിസംബർ പാദത്തിലേത് പോലെ തന്നെ തുടരും.

10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് ആരംഭിക്കാവുന്നതാണ് സുകന്യ സമൃദ്ധി യോജന പദ്ധതി. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ. ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ. അതായത് മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രം അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും.

സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ പെണ്‍കുട്ടിക്ക് 14 വയസ് തികയുന്നത് വരെയാണു നിക്ഷേപിക്കാന്‍ സാധിക്കുക. മകള്‍ ജനിച്ചയുടന്‍ തന്നെ രക്ഷിതാവിന് സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ തുറക്കാനാകും. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. 18 വയസ്സ് തികയുമ്പോള്‍ പെണ്‍കുട്ടിക്ക് അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാനും സാധിക്കും.