ഗൂഗിൾ പേ വഴി ‘സാഷെ ലോണുകൾ’ ;10,000 രൂപ മുതലുള്ള വായ്പ നേടാം

0
152

ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും (എൻബിഎഫ്‌സി) കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ. ‘സാഷെ ലോണുകൾ’ എന്ന പേരിലുള്ള വായ്പ ഗൂഗിൾ പേ ആപ്പിൽ ലഭ്യമാകും. ഇന്ത്യയിലെ വ്യാപാരികൾക്ക് പലപ്പോഴും ചെറിയ ലോണുകൾ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സാഷെ ലോൺ ആരംഭിച്ചിരിക്കുന്നതെന്ന് ഗൂഗിൾ ഇന്ത്യ പറഞ്ഞു.

ഡിഎംഐ ഫിനാൻസുമായി സഹകരിച്ചാണ് ലോൺ സേവനങ്ങൾ നൽകുന്നത്. 7 ദിവസത്തിനും 12 മാസത്തിനും ഇടയിൽ തിരിച്ചടവ് കാലാവധിയുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകളാണ് സാഷെ ലോണുകൾ.
ന്യൂഡൽഹിയിൽ നടന്ന ഗൂഗിളിന്റെ വാർഷിക ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിലാണ് സാഷെ ലോണുകൾ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചത്. ഇ പേ ലേറ്ററിന്റെ പങ്കാളിത്തത്തോടെ വ്യാപാരികൾക്കായി 15,000 രൂപ മുതൽ ആരംഭിക്കുന്ന വായ്പാ പദ്ധതിയും ഗൂഗിൾ പേ സജ്ജമാക്കിയിട്ടുണ്ട്. 111 രൂപ മുതലുള്ള ഇഎംഐകൾ ഉപയോഗിച്ച് ഈ വായ്പ തിരിച്ചടയ്ക്കാം.

ഉപഭോക്താക്കൾക്കായി ആക്‌സിസ് ബാങ്കുമായി ചേർന്ന് വ്യക്തിഗത വായ്പയും നൽകും. ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത പദ്ധതിയും ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ മെര്‍ച്ചന്‍റ് സെന്‍റര്‍ നെക്സ്റ്റ് സംവിധാനം സംരംഭങ്ങളുടെ ഉത്പ്പന്നങ്ങള്‍ സ്വയമേവ പ്രചരിപ്പിക്കും. ഇത് കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സംരംഭകരെ സഹായിക്കും.