ഡിസംബർ മാസം ചരക്ക് സേവന നികുതിയായി (GST) കേരളത്തിൽ നിന്ന് പിരിച്ചെടുത്തത് 2,458 കോടി രൂപ. 2022 ഡിസംബറിലെ 2,185 കോടി രൂപയേക്കാൾ 12 ശതമാനം കൂടുതലാണിത്. 2,515 കോടി രൂപയായിരുന്നു നവംബറിൽ കേരളത്തിൽ നിന്നുള്ള ജി.എസ്.ടി പിരിവ്. 2022 നവംബറിലെ 2,094 കോടി രൂപയേക്കാൾ 20 ശതമാനം കൂടുതലായിരുന്നു ഇത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി 2,000 കോടി രൂപയ്ക്ക് മുകളിലാണ് കേരളത്തിൽ നിന്നുള്ള നികുതി പിരിവ്.
അതേസമയം ദേശീയ തലത്തിലെ ജി.എസ്.ടി പിരിവ് കഴിഞ്ഞ മൂന്ന് മാസത്തെ കുറഞ്ഞ നിലയിലാണ്. 1.64 ലക്ഷം കോടി രൂപയാണ് ഡിസംബറിൽ പിരിച്ചത്. എന്നാൽ 2022 ഡിസംബറിലെ 1.49 ലക്ഷം കോടി രൂപയേക്കാൾ 10.3 ശതമാനം വർധനവ് ഉണ്ടായി. നവംബറിലിത് 1.67 ലക്ഷം കോടിയും ഒക്ടോബറിൽ 1.72 ലക്ഷം കോടി രൂപയുമായിരുന്നു. തുടർച്ചയായ ഏഴാം മാസമാണ് ജി.എസ്.ടി കളക്ഷൻ 1.60 ലക്ഷം കോടി രൂപ കടക്കുന്നത്.
ഡിസംബറിലും മഹാരാഷ്ട്ര തന്നെയാണ് എറ്റവുമധികം ജി.എസ്.ടി പിരിച്ചെടുത്ത സംസ്ഥാനം. 26,514 കോടി രൂപയാണ് മഹാരാഷ്ട്രയിൽ നിന്ന് പിരിച്ചെടുത്തത്. 14 ശതമാനമാണ് വളർച്ച. കർണാടക (11,759 കോടി രൂപ), തമിഴ്‌നാട് (9,888 കോടി രൂപ), ഗുജറാത്ത് (9,874 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നിൽ.