കേരളത്തിനുള്ള ജിഎസ്ടി കുടിശ്ശിക വൈകുന്നത് രേഖകള്‍ കൈമാറാത്തതിനാലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. രേഖകള്‍ കൈമാറിയാല്‍ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നല്‍കുമെന്നും നിര്‍മല സീതാരാമന് അറിയിച്ചു.
സംസ്ഥാനങ്ങള്‍ക്കുള്ള മുഴുവന്‍ ജിഎസ്ടി കുടിശ്ശികയും നല്കി കഴിഞ്ഞെന്ന് മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിലവില്‍ 2017 മുതല്‍ 4,439 കോടി രൂപ മൊത്തം കുടിശികയുള്ളതായുള്ള കേരള ധനമന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്ന് ശശി തരൂര്‍ എം.പി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ജി.എസ്.ടി ഇനത്തില്‍ 780.49 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്.
ജി.എസ്.ടി കുടിശിക വിഷയം സംസ്ഥാന ധനമന്ത്രി താനുമായി സംസാരിച്ചിരുന്നു. കുടിശിക സംബന്ധിച്ച രേഖകള്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വൈകുന്നതാണ് കാരണം. രേഖകള്‍ കൈമാറാതെ കുടിശിക അനുവദിക്കാന്‍ സാധിക്കില്ല. കുടിശ്ശിക സംബന്ധിച്ച രേഖകള്‍ തന്റെ ഓഫീസില്‍ കെട്ടികിടപ്പില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി.