രാജ്യത്തെ ജിഎസ്ടി കളക്ഷനിൽ വർദ്ധനവ്. സെപ്റ്റംബറിൽ മൊത്ത ജിഎസ്ടി കളക്ഷൻ 10 ശതമാനം ഉയർന്ന് 1.62 ലക്ഷം കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് ജിഎസ്ടി കളക്ഷൻ 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. 2023 സെപ്റ്റംബറിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനമായ 1.47 ലക്ഷം കോടി രൂപയേക്കാൾ 10 ശതമാനം കൂടുതലാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
1,62,712 കോടി രൂപയാണ് സെപ്തംബറിലെ മൊത്തം ജിഎസ്ടി വരുമാനം. 29,818 കോടി രൂപ കേന്ദ്ര ജിഎസ്ടിയും, 37,657 കോടി രൂപ സംസ്ഥാന ജിഎസ്ടിയും, 83,623 കോടി രൂപ സംയോജിത ജിഎസ്ടിയും(ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 41,145 കോടി രൂപ ഉൾപ്പെടെ), 11,613 കോടി രൂപ സെസും (ഇറക്കുമതിയിൽ നിന്ന് ലഭിച്ച 881 കോടി രൂപയും ഉൾപ്പെടെ) ഇതിൽ ഉൾപ്പെടുന്നു.