ദീർഘനാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന “മേരാ ബിൽ മേരാ അധികാർ” പദ്ധതി കേന്ദ്ര സർക്കാർ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പ്രകാരം മേരാ ബിൽ മേരാ അധികാർ മൊബൈൽ ആപ്പിൽ ജിഎസ്ടി ഇൻവോയ്സ് സമർപ്പിക്കുന്നവർക്ക് സമ്മാനം ലഭിക്കും. ഇൻവോയ്സ് പ്രോത്സാഹന പദ്ധതി പ്രകാരം, ചില്ലറ വ്യാപാരികളിൽ നിന്നോ മൊത്തക്കച്ചവടക്കാരിൽ നിന്നോ ലഭിക്കുന്ന ഇൻവോയ്‌സുകൾ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുന്ന വ്യക്തികൾക്ക് എല്ലാ മാസവും അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ സമ്മാനം നേടാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന ഇൻവോയ്സിൽ വിൽപ്പനക്കാരന്റെ ജി.എസ്.ടി.ഐ.എൻ, ഇൻവോയ്സ് നമ്പർ, അടച്ച തുക, നികുതി തുക എന്നിവ ഉണ്ടായിരിക്കണം. ഒരു വ്യക്തിക്ക് ഒരു മാസത്തിനുള്ളിൽ പരമാവധി 25 ഇൻവോയ്സുകൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. ഇൻവോയ്സിന് കുറഞ്ഞത് 200 രൂപയുടെ വാങ്ങൽ മൂല്യം ഉണ്ടായിരിക്കണം. ഓരോ മാസവും 500 ലധികം കംപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പുകൾ നടത്തും. ഒരു പാദത്തിൽ ഒരു കോടി രൂപ സമ്മാനത്തുക ലഭിക്കുന്ന രണ്ട് ഭാഗ്യ നറുക്കെടുപ്പുകൾ നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജിഎസ്ടി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ iOS, Android പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. കച്ചവടക്കാരിൽ നിന്ന് യഥാർത്ഥ ഇൻവോയ്സുകൾ ചോദിച്ച് വാങ്ങാനും പദ്ധതി ഉപഭോക്താക്കളെ പ്രേരിപ്പിക്കും.