ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്സ് കെ. ബാബു, പ്രമുഖ ഏഞ്ചല്‍ നിക്ഷേപകന് രവീന്ദ്രനാഥ് കാമത്ത് എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 11 കോടി രൂപയുടെ മൂലധന നിക്ഷേപം നേടിയിരിക്കുകയാണ് മലയാളി സ്റ്റാര്‍ട്ടപ്പ് ഹീല്‍.
ഹീലിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു പേര് കൂടിയുണ്ട്, രാഹുല്‍ മാമ്മന്‍ എബ്രഹാം.
ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ രാഹുല്‍, മരുന്നു കമ്പനികളില്‍ ജോലി ചെയ്തെങ്കിലും സംരംഭകനാകുക എന്ന സ്വപ്നം ഉപേക്ഷിക്കാന്‍ തയാറായില്ല.
2014 മുതല്‍ ഹീല്‍ ഫാര്‍മ എന്ന പേരില്‍ രാഹുലിന്റെ സ്വന്തം സംരംഭം വിപണിയിലുണ്ടായിരുന്നെങ്കിലും ആരോഗ്യ സംരംക്ഷണ രംഗത്തെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് കൊവിഡ് കാലത്ത് അദ്ദേഹം നടത്തിയ ചില പരീക്ഷണങ്ങളും ചുവടു മാറ്റങ്ങളുമാണ് ഹീലിനെ ഈ നിലയില്‍ വളര്‍ത്തിയത്. സോപ്പ്, ഹാന്‍ഡ്വാഷുകള്‍, ലോഷന്‍, സാനിറ്റൈസര്‍ തുടങ്ങിയ വ്യക്തി ശുചിത്വ ഉത്പന്നങ്ങള്ളിലെ പ്രകൃതിദത്തമായ ചേരുവകളാണ് ഹീലിനെ മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
2020ലാണ് ഹീല്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാഹുല്‍ മാമ്മന്‍ ലോഞ്ച് ചെയ്യുന്നത്.
ഹീല്‍ ഫാര്‍മയുടെ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചു. വളരെ കുറഞ്ഞ കാലം കൊണ്ട് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുവാന്‍ ഹീലിന് കഴിഞ്ഞു. ഇതോടെ ഹീല്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ വെല്‍നെസ് ഉത്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും അവതരിപ്പിച്ചു.
കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് ടീ ട്രീ ഓയില്‍, മഞ്ഞള്‍, ചാര്‍ക്കോള്‍, വൈറ്റമിന്‍ സി, കറ്റാര്‍വാഴ തുടങ്ങിയ പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് 40ല്‍ പരം സോപ്പുകളും ബോഡി ലോഷനുകളും അടക്കം ഇരുനൂറോളം യുണീക് ഉത്പന്നങ്ങളാണ് ഹീല്‍ ഇന്ന് വിപണിയില്‍ എത്തിക്കുന്നത്.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കാനും മറ്റ് രാജ്യങ്ങളിലേക്കെത്തിക്കാനും ഹീലിന് കഴിഞ്ഞു. പ്രതിമാസം അഞ്ച് ലക്ഷത്തില്‍പരം ഉപഭോക്താക്കളാണ് ഹീലിനുള്ളത്. കഴിഞ്ഞ 28 മാസത്തിനകം 100 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിക്കുണ്ടായത്. നൂറിലധികം ജീവനക്കാരാണ് ഹീലിനുള്ളത്. 25000ത്തില്‍ പരം സ്റ്റോറുകളില്‍ നിന്ന് 50000 സ്റ്റോറുകളിലേക്ക് സാന്നിധ്യം ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.