കേരളത്തില്‍ മറ്റെങ്ങുമില്ലാത്തവിധം ചരിത്ര ശേഷിപ്പുകളുള്ള ജില്ലയാണ് ഇടുക്കിയെന്ന് തുറമുഖം, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചരിത്രകാരന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും ഇഷ്ട ദേശമായ ഇടുക്കിയില്‍ പൈതൃക കേന്ദ്രം തുറക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴില്‍ കുയിലിമല ജില്ലാ പഞ്ചായത്തിനടുത്ത് ആരംഭിച്ച ഹെറിറ്റേജ് സെന്ററിന്റെയും ഗസ്റ്റ്ഹൗസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തെങ്കിലും പ്രകൃതിസമ്പത്തില്‍ ഒന്നാം സ്ഥാനത്താണ് ഇടുക്കി. ജില്ല കേരളത്തിന് നല്കുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള ക്ലീന്‍ എനര്‍ജി, മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ കൂടാതെ മനുഷ്യവര്‍ഗത്തിന്റെ പരിണാമത്തിലെ സുപ്രധാന കണ്ണികളായ തനത് ഗോത്രവിഭാഗങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലയും ഇടുക്കിയാണ്- അദ്ദേഹം പറഞ്ഞു.
താളിയോലകള്‍, ചരിത്രരേഖകള്‍ എന്നിവയ്ക്കൊപ്പം സര്‍ക്കാര്‍ വകുപ്പുകളിലെ ശാശ്വത മൂല്യമുള്ള രേഖകളും പുരാരേഖ വകുപ്പ് ഏറ്റെടുത്ത് ഭാവിതലമുറയ്ക്കായി സൂക്ഷിച്ചുവെക്കുന്നുണ്ട്. രേഖകള്‍ വികേന്ദ്രീകൃതമായി അതത് പ്രദേശത്ത് ഗവേഷകര്‍ക്ക് സഹായകരമായ വിധത്തില്‍ സംരക്ഷിച്ച് സൂക്ഷിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലകളില്‍ പൈതൃക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ അഞ്ച് ജില്ലകളില്‍ ഹെറിറ്റേജ് സെന്ററുകളുണ്ട്. അതിലേറ്റവും വിപുലമായ സൗകര്യമുള്ളതാണ് ഇടുക്കിയിലേത്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഹെറിറ്റേജ് സെന്ററുകള്‍ പഠനത്തിനും ഗവേഷണത്തിനും ഉപയോഗപ്പെടുത്താം. സ്വകാര്യ വ്യക്തികളുടെ പക്കലുള്ള പുരാരേഖകള്‍ ഏറ്റെടുത്ത് സംരക്ഷിക്കാനും വകുപ്പിന് പദ്ധതിയുണ്ട് – മന്ത്രി പറഞ്ഞു.
ഇന്നും വെളിപ്പെടാത്ത ഒട്ടേറെ ചരിത്രവും പാരമ്പര്യവുമുള്ള പ്രദേശമെന്ന നിലക്ക് ജില്ലയെ സംബന്ധിച്ച് ഏറെ പവിത്രവും പ്രാധാന്യവുള്ള സ്ഥാപനമാണ് ഹെറിറ്റേജ് സെന്ററെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇത് കാണാനും ചരിത്രം മനസ്സിലാക്കാനും അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശേന്, സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ആര്‍ക്കിവിസ്റ്റ് ആര്. അശോക് കുമാര്‍, കേരളം ചരിത്ര പൈതൃക മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്. ചന്ദ്രന് പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.