ഒരേസമയം സ്കൂട്ടറും ഓട്ടോറിക്ഷയുമായി ഉപയോഗിക്കാൻ പറ്റുന്ന ഇലക്ട്രിക് വാഹനം പുറത്തിറക്കി ഹീറോ മോട്ടോർകോർപ്പിന്റെ ഉടമസ്ഥയിലുള്ള സ്റ്റാർട്ടപ്പായ സർജ്. സർജിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് എസ്32. സ്വപ്നവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് സർജ് എസ്32 നിർമിച്ചിരിക്കുന്നത്.
ആവശ്യാനുസരണം ഇലക്ട്രിക് 3 വീലറായും ഇലക്ട്രിക് സ്കൂട്ടറായും സർജിനെ ഉപയോഗിക്കാൻ സാധിക്കും. ഫെറി യാത്രകൾക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനും വാഹനം അനുയോജ്യമാണ്. ക്ലാസ് ഷിഫ്റ്റിംഗ് വാഹനമെന്നാണ് സർജ് ഇതിനെ വിളിക്കുന്നത്. വെറും മൂന്ന് മിനിറ്റ് കൊണ്ട് ഇലക്ട്രിക് ഓട്ടോയായോ സ്കൂട്ടറായോ എസ് 32നെ മാറ്റാൻ കഴിയും. എവിടെ വെച്ച് വേണമെങ്കിലും ഓട്ടോറിക്ഷയിൽ നിന്ന് സ്കൂട്ടറിനെ വേർത്തിരിച്ചെടുക്കാൻ സാധിക്കും. കണ്ടാൽ 3 വീലർ ഇലക്ട്രിക് കാർഗോ വാഹനം പോലെ തോന്നുന്ന സർജ് എസ്32ന് ഫ്രണ്ട് പാസഞ്ചർ ക്യാബിനുമുണ്ട്.
10 കിലോവാട്ട് പവറുള്ള എൻജിനും 11 കിലോവാട്ട് അവറിന്റെ ബാറ്ററിയുമാണ് ഓട്ടോറിക്ഷയുടെ കരുത്ത്. 500 കിലോ വരെ ഭാരം വഹിക്കാനുള്ള ശേഷി 3 വീലറിനുണ്ട്. 3 കിലോവാട്ട് എൻജിനും 3.5 കിലോവാട്ട് അവറിന്റെ ബാറ്ററിയുമാണ് ഇലക്ട്രിക് സ്കൂട്ടറിനുളളത്. മണിക്കൂറിൽ 60 കിലോമീറ്ററാണ് പരമാവധി വേഗത.