രാജ്യത്ത് പഞ്ചസാരക്ക് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില. രണ്ടാഴ്ചയ്ക്കുള്ളിൽ 3 ശതമാനത്തിലധികമാണ് വില ഉയർന്നത്. അതേസമയം, രാജ്യത്തെ പ്രധാന കരിമ്പ് ഉത്പാദന പ്രദേശങ്ങളിലെ മഴയുടെ കുറവും ആശങ്ക ഉയർത്തുന്നുണ്ട്. വില വർദ്ധന ഭക്ഷ്യ വിലക്കയറ്റം വർദ്ധിപ്പിക്കുകയും പഞ്ചസാര കയറ്റുമതി അനുവദിക്കുന്നതിൽ നിന്ന് സർക്കാരിനെ തടയുകയും ചെയ്യും. വരൾച്ച കാരണം പുതിയ സീസണിൽ ഉത്പ്പാദനം കുത്തനെ കുറയുമെന്ന ആശങ്കയിലാണ് പഞ്ചസാര മില്ലുകൾ.
പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിലേയും ദക്ഷിണേന്ത്യയിലെ കർണ്ണാടകയിലേയും കുറഞ്ഞ മഴ കരിമ്പിന്റെ വിളവെടുപ്പിനെ ബാധിച്ചതിനാൽ ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന പുതിയ സീസണിൽ പഞ്ചസാര ഉത്പ്പാദനം 3.3% ഇടിഞ്ഞ് 31.7 ദശലക്ഷം മെട്രിക് ടണ്ണായി കുറയുമെന്നാണ് കണക്കുകൂട്ടൽ. ചൊവ്വാഴ്ച പഞ്ചസാരയുടെ വില ഒരു മെട്രിക് ടണ്ണിന് 37,760 രൂപയായാണ് ($454.80) ഉയർന്നത്. 2017 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിതെങ്കിലും ആഗോള പഞ്ചസാര വിലയേക്കാൾ ഏകദേശം 38% കുറവാണ് ഇന്ത്യയിലെ വില.
സെപ്റ്റംബർ 30 വരെയുള്ള നിലവിലെ സീസണിൽ 6.1 ദശലക്ഷം മെട്രിക് ടൺ പഞ്ചസാര മാത്രമാണ് കയറ്റുമതി ചെയ്യാൻ അനുവദിച്ചത്. കഴിഞ്ഞ സീസണിൽ കയറ്റുമതി 11.1 ദശലക്ഷം മെട്രിക് ടണ്ണായിരുന്നു. സ്റ്റോക്കുകൾ കുറയുന്നതിനാൽ വരും മാസങ്ങളിൽ പഞ്ചസാര വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.