ഗുജറാത്തിൽ വൻ നിക്ഷേപത്തിന് കൊക്ക കോള. 3,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കൊക്ക കോളയുടെ ബോട്ടിലിംഗ് വിഭാഗമായ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ലിമിറ്റഡ്(എച്ച്സിസിബി) പദ്ധതിയിടുന്നത്. ഇന്ത്യയിലെ പാനീയ നിർമ്മാതാക്കളായ കൊക്ക കോള ഇന്ത്യ, ഗുജറാത്തിൽ ബിവറേജ് നിർമാണത്തിനും അത്യാധുനിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 2026-ൽ ആയിരിക്കും ഗുജറാത്തിലെ രാജ്‌കോട്ടിൽ ഇവ പ്രവർത്തനം ആരംഭിക്കുക.
ഖേദ ജില്ലയിലെ ഗോബ്ലെജിലും അഹമ്മദാബാദ് ജില്ലയിലെ സാനന്ദിലും എച്ച്‌സിസിബി ഇതിനകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയിലുടനീളം എച്ച്‌സിസിബി 16 ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഏഴ് വിഭാഗങ്ങളിലായി 60 ഉത്പ്പന്നങ്ങളാണ് എച്ച്‌സിസിബി നിർമ്മിക്കുന്നത്. 2023 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ, എച്ച്‌സിസിബി 12,735.12 കോടി രൂപയുടെ വരുമാനമാണ് റിപ്പോർട്ട് ചെയ്തത്.