കോവിഡ് കാലത്തെ തകർച്ചയ്ക്ക് ശേഷം രാജ്യത്തെ ടൂറിസം മേഖല മികച്ച തിരിച്ചു വരവ് നടത്തുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിലെ നിയമനങ്ങളിൽ ആകെ 8 ശതമാനം വർധനയുണ്ടായെന്നാണ് ജോബ് പോർട്ടലായ ഇൻഡീഡിന്റെ പഠനം. ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന രാജ്യത്തെ അഞ്ച് നഗരങ്ങളിൽ കൊച്ചിയുമുണ്ട്. ഡൽഹി എൻസിആർ (23 %), മുംബൈ (5.19 %), ബംഗളൂരു (6.78 %), കൊച്ചി (2.41 %), പൂനെ (2.33 %) എന്നിവയാണ് നിയമനത്തിൽ മുന്നേറ്റം നടത്തിയ നഗരങ്ങൾ.
2022 ഡിസംബറിനെ അപേക്ഷിച്ച് 61 ശതമാനം വർധനയാണ് 2023 ഒക്ടോബറിൽ ടൂറിസം വ്യവസായത്തിലെ നിയമനങ്ങളിലുണ്ടായതെന്നാണ് ഇൻഡീഡിന്റെ റിപ്പോർട്ട് പറയുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഒക്‌ടോബറിൽ തന്നെ ഹിൽസ്റ്റേഷനുകളിലേക്കും മറ്റും സഞ്ചാരികൾ എത്തിയതാണ് നിയമനങ്ങളിലെ വർധനവിന് കാരണമായതെന്നാണ് വിലയിരുത്തൽ. അതേസമയം, ആഗോളതലത്തിൽ ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിൽ ഏറ്റവും സ്വാധീനമുള്ള മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറുമെന്നാണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (ഡബ്ല്യുടിടിസി) ഇക്കണോമിക് ഇംപാക്ട് റിസർച്ച് പ്രവചിച്ചിരിക്കുന്നത്.