റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിച്ച് സ്വർണവില. കഴിഞ്ഞ പത്ത് ദിവസമായി ഉയരുന്ന വില ഇന്ന് സർവകാല റെക്കോർഡിലേക്കെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ വർധിച്ചു. പവന് 47,120 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാമിന് 40 രൂപ വർധിച്ച് 5,890 രൂപയിലെത്തി. ഇന്നലെ 80 രൂപ ഉയർന്ന് 46,800 രൂപയായിരുന്നു വില.
ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില 47,000 കടന്നിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പവന് ഇത്രയും വില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിലയിരുത്തൽ.
ഈ മാസം ആരംഭം മുതല്‍ സ്വർണവില തുടർച്ചയായി വർധിക്കുകയാണ്. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളും, സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതുമാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.