ഡിസംബറില്‍ ഒരു ബില്യണ്‍ ഡോളര്‍ കടന്ന് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി

0
95

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഡിസംബറില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 8100 കോടി രൂപയുടെ (ഒരു ബില്യണ്‍ ഡോളര്‍)ഫോണ്‍.
ഇതോടെ ഒരു മാസം കൊണ്ട് ഇന്ത്യയില്‍ നിന്ന് 8,100 കോടി രൂപ (ഒരു ബില്യണ്‍ ഡോളര്‍) മൂല്യമുള്ള സ്മാര്‍ട്ട്ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിള്‍.
ഡിസംബറില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്ത കമ്പനിയായി ആപ്പിള്‍ മാറിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ തങ്ങളുടെ ഐഫോണുകളായ 12, 13, 14, 14+ എന്നിവയാണ് ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. നവംബറില്‍ ആപ്പിള്‍ സാംസംഗിനെ പിന്തള്ളി ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി കമ്പനിയായിരുന്നു.
പതിവ് അറ്റകുറ്റപ്പണികള്‍ക്കായി സാംസങ്ങിന്റെ ഉല്‍പ്പാദന യൂണിറ്റ് ഡിസംബറില്‍ ഏകദേശം 15 ദിവസത്തോളം അടച്ചിരുന്നു. ഇതും ആപ്പിളിന് ഗുണം ചെയ്തു. ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവരാണ് ഇന്ത്യയില്‍ ആപ്പിളിന്റെ ഫോണ്‍ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. പിഎല്‍ഐ പദ്ധതിയുടെ വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2022 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ഇലക്ട്രോണിക്‌സ് സാമഗ്രികളുടെ കയറ്റുമതി 16.67 ബില്യണ്‍ ഡോളറിലെത്തി, മുന്‍ വര്‍ഷത്തെ 10.99 ബില്യണ്‍ ഡോളറിനേക്കാള്‍ 51.56 ശതമാനം കൂടുതലാണ് ഇത്.