ബാങ്കിങ് സേവനങ്ങളും പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റലാക്കി സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി ഇടുക്കി. ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് ഔദ്യോഗികമായി ഇടുക്കിയെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിജിറ്റല്‍ പണമിടപാടുകളുടെ വിപുലീകരണത്തിനും ശാക്തീകരണത്തിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ച പദ്ധതി ജൂണിലാണ് ആരംഭിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം ബാങ്കുകള്‍ വിവിധ പ്രദേശങ്ങളില്‍ ഡിജിറ്റല്‍ ബാങ്കിങ് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചാണ് ജില്ലയെ സമ്പൂര്‍ണ ഡിജിറ്റലാക്കിയത്. 25 ബാങ്കുകളിലെ 13 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് സേവനം ലഭ്യമാകും.
നിലവിലുള്ള സേവിങ്‌സ്, കറന്റ് അക്കൗണ്ട് ഗുണഭോക്താക്കളെ എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ഭീം, ക്യൂആര്‍ കോഡ്, എഇപിഎസ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, 123 പേ തുടങ്ങിയ ഏതെങ്കിലും ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് കറന്‍സി രഹിത ഇടപാടുകള്‍ക്ക് പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം.
25 വാണിജ്യ ബാങ്കുകളിലെ 13 ലക്ഷത്തോളം സേവിങ്‌സ്, കറന്റ് അക്കൗണ്ടുകള്‍ക്കു ഏതെങ്കിലും ഒരു ഡിജിറ്റല്‍ മാധ്യമം ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ലക്ഷ്യം സാക്ഷാത്കരിച്ചത്. യോഗത്തില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ. ഗൗതമന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി. അശോക്, നബാര്‍ഡ് ഡി. ഡി. എം. അജീഷ് ബാലു,യൂണിയന്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നരസിംഹകുമാര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജി. രാജഗോപാലന്‍, വിവിധ ബാങ്ക് മേധാവികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.