സംസ്ഥാന ആർക്കൈവ്സ് വകുപ്പ് ഇടുക്കിയിലെ കുയിലിമലയിൽ പണി കഴിപ്പിച്ച ഇടുക്കി ജില്ലാ ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 19ന് രാവിലെ 11 മണിയ്ക്ക് തുറമുഖം, പുരാവസ്തു പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പുരാരേഖകളുടെ സംരക്ഷണത്തിനായുള്ള റെക്കാഡ് റൂം, കൺസർവേഷൻ വിഭാഗം, റിസർച്ച് ഹാൾ, ഓഫീസ് ഹാൾ, പ്രദർശന ഹാൾ എന്നിവ ഉൾപ്പെടുത്തിയാണ് ഹെറിറ്റേജ് സെന്റർ ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധമായി ഗസ്റ്റ് ഹൗസും പണിതിട്ടുണ്ട്. ഇടുക്കി ജില്ലാ പഞ്ചായത്ത് സൗജന്യമായി നൽകിയ സ്ഥലത്ത് 6300 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇടുക്കി ജില്ലാ ഹെറിറ്റേജ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.