ഇടുക്കി പാക്കേജ്: അവലോകന യോഗം ചേര്‍ന്നു

0
266

ഇടുക്കി പാക്കേജിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 2023-24 വര്‍ഷം നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച പദ്ധതികളുടെ പ്രെപ്പോസല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പദ്ധതികള്‍ ഭൂമിയുടെ ലഭ്യതയനുസരിച്ച് മുന്‍ഗണന നല്‍കി നടപ്പിലാക്കും. ഇടുക്കി നഴ്‌സിംഗ് കോളേജ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഹോസ്റ്റല്‍, ഇടുക്കി മെഡിക്കല്‍ കോളേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നെടുങ്കണ്ടം-അടിമാലി താലൂക്ക് ആശുപത്രികളുടെ വികസനം, മലങ്കര ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 34 പദ്ധതികള്‍ യോഗത്തില്‍ അവലോകനം ചെയ്തു.
2022-23 സാമ്പത്തിക വര്‍ഷം നിര്‍മാണ അനുമതി ലഭിച്ച പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രസ്തുത കാലയളവില്‍ നടപ്പിലാക്കാന്‍ സാധിക്കാതിരുന്നവ ഈ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികള്‍ക്കൊപ്പം നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ ജില്ലാ വികസന കമ്മീഷണറും ദേവികുളം സബ് കളക്ടറുമായ രാഹുല്‍ കൃഷ്ണ ശര്‍മ, ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ബഷീര്‍ എം എം, വിവിധ വകുപ്പ് മേധാവികള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.