ഇടുക്കിയില്‍ ജനിച്ച്, ഇന്ത്യന്‍ ഭൗതികശാസ്ത്ര രംഗത്തിനായി ജീവിതം ഉഴിഞ്ഞുവച്ച അന്ന മാണിയുടെ 104ാം ജന്മവാര്‍ഷിക ദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. ഇന്ന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ അന്ന മാണിയെ ആദരിച്ചുകൊണ്ടുള്ള ഡൂഡിലുമായാണ്. തന്റെ ഗവേഷണങ്ങളിലൂടെ, കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കിയ അവര്‍ പുനരുപയോഗ ഊര്‍ജ രംഗത്തിനും രാജ്യത്ത് അടിത്തറ പാകി.
1918ല്‍ പീരുമേട്ടിലെ ഒരു ക്രൈസ്തവ കുടുംബത്തിലാണ് അന്ന മാണിയുടെ ജനനം. നന്നായി വായിക്കുമായിരുന്ന അന്ന, 12 വയസ്സായപ്പോഴേക്കും തന്റെ തൊട്ടടുത്തുള്ള വായനശാലയിലെ പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തിരുന്നു. ഹൈസ്‌കൂള്‍ പാസായ ശേഷം വിമന്‍സ് ക്രിസ്റ്റ്യന്‍ കോളേജില്‍ ഇന്റര്‍മീഡിയേറ്റ് ചെയ്തു. ശേഷം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഫിസിക്‌സിലും കെമിസ്ട്രിയിലും ബിഎസ്‌സി ഓണേഴ്‌സ്.
ബിരുദശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരില്‍ സര്‍ സി.വി രാമന് കീഴില്‍ ഉപരിപഠനം. 1942-45 കാലത്ത് അഞ്ച് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും പിഎച്ച്ഡി സ്വന്തമാക്കുകയും ചെയ്തു.
വജ്രത്തിന്റേയും മറ്റു അമൂല്യ രത്‌നങ്ങളുടേയും പ്രകാശവികിരണ രീതികളായിരുന്നു ഗവേഷണവിഷയം. പിന്നീട് തുടര്‍പഠനത്തിനായി ലണ്ടന്‍ ഇംപീരിയല്‍ കോളേജിലേക്ക്. അവിടെനിന്നാണ് മീറ്റിയറോളജിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ പഠിച്ചതും. 1948ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ അന്ന, ഇന്ത്യ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍(IMD) ചേര്‍ന്നു. രാജ്യത്തിന് ആവശ്യമായ കാലാവസ്ഥാ പ്രവചന ഉപകരണങ്ങള്‍ സ്വന്തമായി രൂപകല്പന ചെയ്ത് നിര്‍മിച്ചു. പുരുഷ മേധാവിത്വം നിലനിന്നിരുന്ന രംഗത്ത് 1953 ആയപ്പോഴേക്കും തന്റേതായ ഇടം അവര്‍ ഉറപ്പിച്ചു. ഡിവിഷന്‍ ഹെഡായി. അന്നയുടെ നേതൃ മികവില്‍ നൂറോളം കാലാവസ്ഥാ പ്രവചന ഉപകരണങ്ങള്‍ രൂപം കൊണ്ടു. 1950 മുതല്‍ പുനരുപയോഗ ഊര്‍ജത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതുമായി ബന്ധപ്പെട്ട പഠനങ്ങളിലും പരിശ്രമത്തിലുമായി പിന്നെ അന്ന മാണി.
ഇന്ത്യ ഉപഭൂഖണ്ഡത്തിനു മീതെയുളള സൗരോര്‍ജ വികിരണത്തെക്കുറിച്ച് അന്ന മാണിയുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച കൈപ്പുസ്തകവും പവനോര്‍ ഊര്‍ജ്ജസാധ്യതകളെക്കുറിച്ച് അവര്‍ നടത്തിയ പഠനവും റഫറന്‌സ് പുസ്തകങ്ങളായി ഇന്നും ഉപയോഗിക്കപ്പെടുന്നു. ശാസ്ത്രരംഗത്തെ അമൂല്യ സംഭാവനകള്‍ക്ക് 1987ല്‍ അന്ന മാണി കെ.ആര്‍ രാമനാഥന്‍ മെഡലിന് അര്‍ഹയായി.
ഔദ്യോഗിക സേവനങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ബാംഗ്ലൂര്‍ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിയൂട്ട് ട്രസ്റ്റിയായി പ്രവര്‍ത്തിച്ചു. സോളാര്‍, വിന്‍ഡ് എനര്‍ജി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിക്കും അന്ന മാണി രൂപം നല്‍കിയിരുന്നു.