മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കെമിസ്ട്രി പ്രൊഫ. ടി. പ്രദീപിന് ആഗോള ബഹുമതികളില്‍ ഒന്നായ എനി അവാര്‍ഡിന് അര്‍ഹനായി. നൂതന സാമഗ്രികള്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ജല ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രൊഫ. ടി. പ്രദീപിനെ അഡ്വാന്‍സ്ഡ് എന്‍വയോണ്‍മെന്റല്‍ സൊല്യൂഷനുകള്‍ക്കുള്ള അംഗീകാരം തേടി എത്തിയത്. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള പന്താവൂര്‍ സ്വദേശിയാണ് ടി. പ്രദീപ്. ഇറ്റാലിയന്‍ പ്രസിഡണ്ട് അവാര്‍ഡ് സമ്മാനിക്കും.
നോബല്‍ സമ്മാന ജേതാക്കളായ സര്‍ ഹരോള്‍ഡ് ഡബ്ല്യു. ക്രോട്ടോ, അലന്‍ ഹീഗര്‍, തിയോഡര്‍ വുള്‍ഫ്ഗാങ് ഹാന്‍ഷ്, ഭാരതരത്‌ന അവാര്‍ഡ് ജേതാവ് പ്രഫ. സി.എന്‍.ആര്‍. റാവു എന്നിവര്‍ക്കാണ് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത് . കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ അവാര്‍ഡ് ജേതാക്കളെ നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു സെലക്ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുക്കുന്നത്.
പത്മശ്രീ, പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ വാട്ടര്‍, നിക്കി ഏഷ്യ പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ പ്രൊഫ. പ്രദീപ് നേരത്തെ നേടിയിട്ടുണ്ട്. സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും പണവും അടങ്ങുന്നതാണ് സമ്മാനം.
ശാന്തി സ്വരൂപ് ഭട്നാഗര്‍ സമ്മാനം ഉള്‍പ്പെടെ നിരവധി ദേശീയ അംഗീകാരങ്ങള്‍ പ്രൊഫ. പ്രദീപ് നേടിയിട്ടുണ്ട്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം വിപുലമായ ശാസ്ത്രീയ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു. അര ഡസന്‍ കമ്പനികളുടെ സഹസ്ഥാപകന്‍ എന്നതിലുപരി 550 പേപ്പറുകളും 100-ലധികം പേറ്റന്റുകളും അദ്ദേഹത്തിനുണ്ട്.
2007-ല്‍ സ്ഥാപിതമായ എനി അവാര്‍ഡിന്റെ 15-ാം പതിപ്പാണിത്. ഊര്‍ജ കാര്യക്ഷമത, പുനരുപയോഗം, ഡീകാര്‍ബണൈസേഷന്‍, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ സമൂലമായ മുന്നേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പുതിയ തലമുറയിലെ ഗവേഷകരുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എനി എന്ന ആഗോള ബില്ല്യണ്‍ ഡോളര്‍ ഊര്‍ജ്ജ കമ്പനിയാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നത്.