2024 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം നേരത്തെ കണക്കാക്കിയ 5.1 ശതമാനത്തിൽ നിന്ന് 6.3 ശതമാനം ആയി ഉയർത്തി അന്താരാഷ്ട്ര നാണയ നിധി. ഏപ്രിൽ-ജൂൺ പാദത്തിലെ പ്രതീക്ഷിച്ചതിലും ശക്തമായ ഉപഭോഗം ചൂണ്ടിക്കാട്ടിയാണ് പുതിയ പ്രവചനം. 2023-24 ലെ മൂന്ന് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ഉയർത്തുന്നത്. റിസർവ് ബാങ്കിന്റെ വളർച്ചാ പ്രവചനത്തിനോട് ചേർന്ന് നിൽക്കുന്നതാണ് ഇത്.
ജനുവരി-മാർച്ച് മാസങ്ങളിൽ ഉപഭോഗം ഉയർന്നിട്ടുണ്ടെങ്കിലും, സാമ്പത്തിക വിദഗ്ധർക്ക് ഇന്ത്യയിലെ ഗാർഹിക ചെലവുകളുടെ കണക്കുകളിൽ ആശങ്കയുണ്ട്. ഇന്ത്യയുടെ വളർച്ചാ നിരക്ക് ഉയരുമെന്നാണ് ഐ എം എഫിന്റെ പ്രവചനമെങ്കിലും ചൈനയുടെ വളർച്ച കുറയുമെന്നാണ് അനുമാനം. മറ്റ് പല വികസ്വര രാജ്യങ്ങൾക്കും വളർച്ചാ മുരടിപ്പ് ഉണ്ടാകുമെന്നാണ് ഐ എം എഫിന്റെ വിലയിരുത്തൽ. 2024 ൽ രാജ്യത്തെ പണപ്പെരുപ്പം 5.8% ആയി ഉയരുമെന്നാണ് ഐ എം എഫിന്റെ പ്രവചനം.