ഉത്സവസീസണിൽ നേട്ടമുണ്ടാക്കി ഗിഗ് തൊഴിലാളികൾ:വരുമാനത്തിൽ 48% വർധന

0
245

ഈ വർഷത്തെ ഉത്സവസീസണിൽ നേട്ടമുണ്ടാക്കി രാജ്യത്തെ ഗിഗ് (Gig) തൊഴിലാളികൾ. ഉത്സവകാലത്ത് ഓൺലൈൻ ഓഫറുകൾ വർധിച്ചതോടെ ആളുകൾ ഉപഭോഗം കൂട്ടിയതാണ് വരുമാനം ഉയരാൻ കാരണമായത്. ഗിഗ് പ്ലാറ്റ്‌ഫോമായ പിക്ക്‌മൈ വർക്കിന്റെ റിപ്പോർട്ട് അനുസരിച്ച് 48 ശതമാനം വർധനയാണ് ഗിഗ് തൊഴിലാളികളുടെ വരുമാനത്തിലുണ്ടായത്.
സ്വിഗ്ഗി, സൊമാറ്റോ, യൂബർ തുടങ്ങിയ കമ്പനികളിൽ വാഹനം ഓടിക്കുകയോ, ഉത്പ്പന്നങ്ങൾ വിതരണം നടത്തുകയോ ചെയ്യുന്ന ജീവനക്കാർ ഗിഗ് ജോലികൾ ചെയ്യുന്നവരാണ്. കമ്പനിയുടെ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിന് എത്തുന്ന താൽക്കാലിക തൊഴിലാളികളാണ് ഇവർ.


ഉത്സവ സീസണിൽ ഗിഗ് തൊഴിലാളികളുടെ എണ്ണം 160 ശതമാനം വർധിച്ചു. പ്ലാറ്റ്ഫോമിലെ സ്ത്രീ തൊഴിലാളികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 105 ശതമാനം വർധിച്ചതായും പിക്ക്‌മൈ വർക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ ഉത്സവ സീസണിലെ ഡിമാൻഡിലെ വർധന ഗിഗ് തൊഴിൽ ഉൾപ്പെടെയുള്ള മറ്റ് താത്‌കാലിക, പാർട്ട് ടൈം തൊഴിൽ വിഭാഗങ്ങളിൽ എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൾ. കഴിഞ്ഞ ഉത്സവ സീസണിൽ ഏകദേശം നാല് ലക്ഷം തൊഴിലവസരങ്ങളാണ് ഈ മേഖലയിലുണ്ടായത്.