ലോകത്താകെ സ്വന്തമായി സ്മാര്‍ട്ട്ഫോണുള്ളത് 430 കോടി പേര്‍ക്ക്. ജിഎസ്എം അസോസിയേഷന്റെ 2023ലെ മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് കണക്കുള്ളത്. ലോകമെമ്പാടുമുള്ള മൊബൈൽ ഇന്റർനെറ്റ്, സ്‌മാർട്ഫോൺ ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അതേസമയം സ്മാർട്ഫോണും മൊബൈൽ ഇന്റർനെറ്റും കൂടുതല്‍ പേരിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ ഡിവൈഡ് നിലനില്‍ക്കുന്നുണ്ട്.
ലോകജനസംഖ്യയുടെ 55 ശതമാനം പേർക്കും നിലവില്‍ സ്മാര്‍ട്ട് ഫോണുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 52 ശതമാനമായിരുന്നു. ലോകത്ത് ആകെയുള്ള മൊബൈൽ ഇന്റർനെറ്റ് വരിക്കാർ 460 കോടിയാണ്. കഴിഞ്ഞ കൊല്ലം ഇത് 430 കോടിയായിരുന്നു. ഏഷ്യ, അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഭൂരിഭാഗം ഉപയോക്താക്കളും 4ജി ഫോൺ ഉപയോഗിക്കുന്നവരാണ്.
എന്നാല്‍ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 3ജിയാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. ഉപകരണങ്ങളുടെ വില കുറയുന്നതും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ ലഭ്യതയുമാണ് ഉപയോക്താക്കളുടെ എണ്ണം കൂടാന്‍ കാരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.