2023ൽ ദുബായിൽ ഏറ്റവുമധികം പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇന്ത്യക്കാർ വിദേശത്ത് ഏറ്റവുമധികം വീടും വില്ലകളും അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ദുബായിലാണെന്നാണ് പഠനം. ബെറ്റർഹോംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം റഷ്യക്കാരെയും ബ്രിട്ടിഷുകാരെയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് ഇന്ത്യൻ പ്രവാസികളുടെ ഈ നേട്ടം. 2022ൽ ഇന്ത്യക്കാർ മൂന്നാം സ്ഥാനത്തും റഷ്യക്കാരും ബ്രിട്ടീഷുകാരും ഒന്നും രണ്ടും സ്ഥാനങ്ങളിലുമായിരുന്നു.
ബിസിനസുകാരും അതിസമ്പന്നരും ദുബായിൽ വീട് സ്വന്തമാക്കാൻ മത്സരിക്കുന്നത്, പ്രോപ്പർട്ടികളുടെ വില കുതിച്ചുയരുന്നതിനും കാരണമായി. കഴിഞ്ഞവർഷം 8 – 21 ശതമാനം വർധനയാണ് അപ്പാർട്ട്മെന്റ് വിലയിലുണ്ടായത്.
കഴിഞ്ഞവർഷം ദുബായിൽ ഏറ്റവുമധികം പ്രോപ്പർട്ടികൾ വാങ്ങിയവരിൽ നാലാം സ്ഥാനത്ത് ഈജിപ്തുകാരാണ്. ലെബനൻ, ഇറ്റലി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യഥാക്രമം 5 മുതൽ 7 വരെ സ്ഥാനങ്ങളിൽ. ദുബായിലെ തദ്ദേശീയർ എട്ടാം സ്ഥാനത്തും, ഫ്രഞ്ചുകാർ 9-ാ മതുമാണ്. തുർക്കികളാണ് പത്താം സ്ഥാനത്ത്.