ഇന്ത്യയുടെ വിദേശ കടം കൂടുന്നു: 4.7 ബില്യൺ ഡോളർ വർദ്ധനവ്

0
802

ഇന്ത്യയുടെ വിദേശ കടത്തിൽ വർദ്ധനവ്. ഏപ്രിൽ-ജൂൺ പാദത്തിൽ കടം 4.7 ബില്യൺ ഡോളർ ഉയർന്ന് 629.1 ബില്യൺ ഡോളറായി. ഈ പാദത്തിൽ കടം-ജിഡിപി അനുപാതം കുറഞ്ഞുവെന്നും ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023 മാർച്ച് അവസാനം 18.8 ശതമാനമായിരുന്ന കടം-ജിഡിപി അനുപാതം 2023 ജൂൺ അവസാനത്തോടെ 18.6 ശതമാനം ആയി. പ്രധാന കറൻസികളായ യെൻ, എസ്‌ഡിആർ എന്നിവയ്‌ക്കെതിരായ ഡോളറിന്റെ മൂല്യവർദ്ധന 3.1 ബില്യൺ യുഎസ് ഡോളറായി. 54.4 ശതമാനം വിഹിതമുള്ള യുഎസ് ഡോളർ മൂല്യമുള്ള കടമാണ് ഇന്ത്യയുടെ വിദേശ കടത്തിന്റെ ഏറ്റവും വലിയ ഘടകo. ഇന്ത്യൻ രൂപയിൽ (30.4 ശതമാനം), എസ്ഡിആർ (5.9 ശതമാനം), യെൻ( 5.7 ശതമാനം), യൂറോ (3.0 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കടങ്ങൾ.


2023 ജൂൺ അവസാനത്തോടെ, ദീർഘകാല കടം (ഒരു വർഷത്തിന് മുകളിൽ കാലാവധി ഉള്ളത്) മുൻ പാദത്തിന്റെ അവസാനത്തെ അപേക്ഷിച്ച് 9.6 ബില്യൺ ഡോളർ വർദ്ധിച്ച് 505.5 ബില്യൺ ഡോളറായി. അതേസമയം മൊത്തം വിദേശ കടത്തിൽ ഹ്രസ്വകാല കടത്തിന്റെ (ഒരു വർഷം വരെ കാലാവധി) വിഹിതം 2023 മാർച്ച് അവസാനത്തെ 20.6 ശതമാനത്തിൽ നിന്ന് 2023 ജൂൺ അവസാനത്തോടെ 19.6 ശതമാനമായി കുറഞ്ഞു.

2023 ജൂൺ അവസാനത്തോടെ ഗവൺമെന്റിന്റെ മുൻവർഷങ്ങളിലെ കടം കുറഞ്ഞപ്പോൾ സർക്കാരിതര കടം വർദ്ധിച്ചതായി ആർബിഐ പറഞ്ഞു. 32.9 ശതമാനം വിഹിതത്തോടെ വായ്പകൾ വിദേശ കടത്തിന്റെ ഏറ്റവും വലിയ ഘടകമായി തുടരുന്നു. കറൻസിയും, നിക്ഷേപങ്ങളും, വ്യാപാര വായ്പയും, അഡ്വാൻസും, കടപ്പത്രങ്ങളുമാണ് മറ്റ് ഘടകങ്ങൾ.